Wed. Jan 22nd, 2025

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും പരാജയപ്പെട്ടാല്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറയുന്നു. കോണ്‍ഗ്രസ് ഇല്ലാതായാല്‍ പ്രവര്‍ത്തകരുടെ മുന്നിലുള്ള ഏക സാധ്യത ബിജെപി മാത്രമാണ്. സിപിഐഎമ്മിനെ രാഷ്ട്രീയ എതിരാളിയായി മനസില്‍ പ്രതിഷ്ഠിച്ചതുകൊണ്ടാണ് അതെന്നുമാണ് സുധാകരന്‍ പറയുന്നത്. കെപിസിസി അദ്ധ്യക്ഷനാക്കി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം വരാനിരിക്കെയാണ് കെ സുധാകരന്റെ പരാമര്‍ശം.

ഇത്തവണ കോൺഗ്രസ്സ് അധികാരത്തിൽ വന്നില്ലെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന ഒരു പ്രസ്ഥാനം ഇവിടെ ഉണ്ടായിരുന്നു എന്ന് ചരിത്രത്തിൽ വായിക്കേണ്ടി വരുമെന്നാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. കാസര്‍കോട് നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് ഉണ്ണിത്താന്‍.

തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു. ചെറു ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചാല്‍ അത് ബിജെപി അട്ടിമറിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. തോറ്റാല്‍ മാത്രമല്ല ജയിച്ചാലും കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകും എന്നര്‍ത്ഥം.

മധ്യപ്രദേശിലും അടുത്തിടെ പുതുച്ചേരിയിലും ബംഗാളിലും രാജസ്ഥാനിലും കർണാടകത്തിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും അസമിലും എല്ലാം കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും ബിജെപിയിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്. മധ്യപ്രദേശിൽ ഭൂരിപക്ഷം കിട്ടിയ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ബി ജെ പി സർക്കാരുണ്ടാക്കി. കോൺഗ്രസിൻ്റെ ഉയർന്ന നേതാവായ ജോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് 26 എംഎൽഎമാർ ബി ജെ പിയിലേക്ക് കൂറുമാറിയത്.

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ ഉൾപ്പെടെ വില കൊടുത്ത് വാങ്ങാൻ ബി ജെ പി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അശോക് ഗെലോട്ടിന് സർക്കാരിനെ പിടിച്ചു നിർത്താൻ കഴിഞ്ഞു. പുതുച്ചേരിയിൽ ആറ് കോൺഗ്രസുകാർ കാലുമാറിയപ്പോൾ വി നാരായണ സ്വാമി സർക്കാർ താഴെ വീണു. അവരും ബിജെപിയിലേക്കാണ് പോയത്.

കെ സുധാകരൻ പറഞ്ഞത് പോലെ ഇവിടെയൊന്നും സിപിഎം എതിർസ്ഥാനത്തുണ്ടായിരുന്നില്ല. ബിജെപി ആയിരുന്നു പ്രധാന ശത്രു. പക്ഷെ ശത്രു പാളയത്തിലേക്ക് പോകാൻ ഈ എംഎൽഎമാർക്കും നേതാക്കൾക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല

പണവും അധികാരവും കാലുമാറിയ എംഎല്‍എമാരെ പ്രലോഭിപ്പിച്ചിരിക്കാം. എന്നാൽ അത് മാത്രമാണോ കാരണം? രാഷ്ട്രീയമായോ ആശയപരമായോ വലിയ വ്യത്യാസമൊന്നും അവർക്ക് കോൺഗ്രസും ബിജെപിയും തമ്മിൽ കാണാൻ കഴിഞ്ഞിട്ടില്ല. ഹിന്ദുത്വ രാഷ്ട്രീയത്തോട് വലിയൊരു വിഭാഗം കോൺഗ്രസുകാർക്ക് മാനസിക ഐക്യമുണ്ട്. അതുകൊണ്ടാണ് കെ സുധാകരന്‍ പറയുന്നത് പോലെ അവർക്ക് സ്വാഭാവികമായി ബിജെപിയിലേക്ക് പോകാൻ കഴിയുന്നത്.

ഉടൽ കോൺഗ്രസിലും ആത്മാവ് ബിജെപിയിലുമായി പ്രവർത്തിക്കുന്ന കോൺഗ്രസുകാരുടെ യഥാർത്ഥ രാഷ്ട്രീയം എന്താണ്?