Wed. Apr 24th, 2024

16 വയസുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പല തവണ ബലാത്സംഗം ചെയ്ത ക്രിമിനലിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചോദിച്ചത് നിങ്ങൾക്ക് അവളെ വിവാഹം ചെയ്യാമോ എന്നാണ്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മോഹിത് സുഭാഷ് ചവാനോടുള്ള ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ചോദ്യം നിയമ വൃത്തങ്ങളിൽ ഞെട്ടലുണ്ടാക്കി.

സുപ്രീം കോടതിയുടെ പരിഗണനക്ക് വന്ന കേസ് ഇങ്ങനെ:
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ പത്തോ പന്ത്രണ്ടോ വട്ടം മോഹിത് സുഭാഷ് വീട്ടിലെ പിന്‍വാതിലിലൂടെ കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പുറത്ത് പറഞ്ഞാൽ ആസിഡൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. സഹോദരനെ കൊല്ലുമെന്ന് ഭയപ്പെടുത്തി. ഭീഷണികളും അപമാനവും സഹിക്കാനാവാതെ അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവളുടെ അമ്മ കൃത്യസമയത്ത് എത്തിയതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.

അമ്മ കുട്ടിയെയും കൂട്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. എന്നാല്‍ സംഭവം അറിഞ്ഞ പ്രതിയുടെ അമ്മ ഇടപെട്ട് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. പെൺകുട്ടിയുടെ വിധവയും നിരക്ഷരയുമായ അമ്മയെക്കൊണ്ട് തന്റെ മകളും അയാളും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത് എന്ന് മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടു വാങ്ങി. പെണ്കുട്ടിയ്ക്ക് 18 വയസാകുമ്പോൾ അയാൾ അവളെ വിവാഹം ചെയ്യുമെന്ന എന്ന ഉറപ്പ് കൊടുത്തു.

എന്നാൽ പ്രായപൂർത്തിയായിട്ടും അവളെ വിവാഹം ചെയ്യാതെ അയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. വഞ്ചനക്ക് ഇരയായ പെണ്കുട്ടി പോലീസിനെ സമീപിച്ചു. ഐ.പി.സി.  ബലാല്‍സംഗം, വഞ്ചന), ഭീഷണി, പോക്സോ നിയമം  എന്നിവ അനുസരിച്ചു കേസെടുത്തു. എന്നാൽ കേസ് പരിഗണിച്ച ജൽഗാവ് സെഷൻസ് കോടതി പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. പെണ്കുട്ടി ഇതിനെതിരെ ബോംബെ ഹൈക്കോടതിയിലെത്തി. ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബഞ്ചാണ് കേസ് പരിഗണിച്ചത്.

ബലാത്സംഗം ചെയ്യപ്പെട്ട സമയത്ത് കുട്ടി മൈനർ ആയിരിക്കെ ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് എന്ന് എങ്ങനെ സെഷൻസ് കോടതി കണ്ടെത്തി എന്ന് ഹൈക്കോടതി ജഡ്ജി ചോദിച്ചു. സെഷൻസ് കോടതിയുടെ നടപടികൾ ക്രൂരമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ജാമ്യ ഉത്തരവ് റദ്ദാക്കി. അതിനെതിരെയാണ് കുറ്റാരോപിതനായ മഹാരാഷ്ട്ര ഇലക്ട്രിക് പ്രൊഡക്ഷൻ കമ്പനി ജീവനക്കാരനായ പ്രതി അറസ്റ്റ് തടയാൻ സുപ്രീം കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ടാൽ ജോലി പോകുമെന്ന അയാളുടെ ഉത്ക്കണ്ഠ കോടതിയെ അറിയിച്ചു.

ഇതോടെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പ്രതിയോട് പെൺകുട്ടിയെ വിവാഹം ചെയ്യുമോ എന്ന് ചോദിച്ചത്. “കോടതി പറഞ്ഞത് കൊണ്ടാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എന്നു നാളെ നിങ്ങൾ പറയും. അത് വേണ്ട, ഞങ്ങൾ നിർബന്ധിക്കുന്നില്ല” എന്ന് കൂടി ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ പ്രതി മറ്റാരു പെൺകുട്ടിയെ വിവാഹം കഴിച്ചതായി അഭിഭാഷകൻ പറഞ്ഞു.

ഏതായാലും അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി പ്രതിക്ക് നാല് ആഴ്ചത്തേക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണവും നൽകി. അതിനിടയിൽ ജാമ്യത്തിന് സെഷൻസ് കോടതിയെ സമീപിക്കാം. അറസ്റ്റ് തടയുന്നതിലൂടെ പ്രതിക്ക് ജോലി നഷ്ടപ്പെടുന്നത് ഒഴിവാക്കാം. എന്നാൽ അതിക്രമത്തിനിരയായ പെൺകുട്ടിയുടെ കാര്യമോ?

യഥാർത്ഥത്തിൽ സെഷൻസ് കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി വിധി നിയമപരമായി ശരിയാണോ അല്ലയോ എന്ന് നോക്കേണ്ട ഉത്തരവാദിത്തമാണ് സുപ്രീംകോടതിക്ക് ഉണ്ടായിരുന്നത്. പകരം അക്രമിയെ കൊണ്ട് ഇരയെ വിവാഹം കഴിപ്പിച്ച് രക്ഷപ്പെടുത്തുകയാണോ കോടതിയുടെ ചുമതല? എങ്കിൽ സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പോക്സോ നിയമങ്ങൾക്കും ക്രിമിനൽ നിയമങ്ങൾക്കും എന്താണ് പ്രസക്തി?

ബലാത്സംഗമെന്നത് സ്ത്രീക്ക് നേരെയുള്ള ശാരീരികവും മാനസികവുമായ കടന്നാക്രമണമാണ്. സ്ത്രീയുടെ ആത്മാഭിമാനത്തെയും അന്തസിനെയും കുത്തി മുറിവേൽപ്പിക്കലാണ്. ബലാല്‍സംഗം ചെയ്ത ആള്‍ ഇരയെ വിവാഹം ചെയ്താൽ ഇതല്ലാം ഇല്ലാതാകുമോ?

ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. കഴിഞ്ഞ വർഷമാണ് മധ്യപ്രദേശ് ഹൈക്കോടതി ഒരു ബലാത്സംഗ കേസിലെ പ്രതിയോട് ഇരയായ പെൺകുട്ടിക്ക് രാഖി കെട്ടണമെന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിച്ചത്. സുപ്രീം കോടതിയിലെ വനിത അഭിഭാഷകരാണ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

ഒരു ബലാത്സംഗ കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചപ്പോള്‍ സ്ത്രീകളുടെ സ്വഭാവം മോശമാകുന്നത് മൂലം ബലാത്സംഗം ചെയ്യപ്പെടുന്നു എന്ന  കർണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമർശം വിവാദമായിരുന്നു. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയും ഡെൽഹി ഹൈക്കോടതിയും ലൈംഗിക അതിക്രമ കേസുകളിൽ നടത്തിയ പരാമർശങ്ങൾ പ്രതിഷേധത്തിന് ഇടയാക്കി.

ഹാദിയ കേസിൽ കേരള ഹൈക്കോടതി പറഞ്ഞത് സ്ത്രീ ദുർബ്ബലയായതിനാൽ വിവാഹം പോലെ ജീവിതത്തിലെ പ്രധാന കാര്യങ്ങൾ രക്ഷിതാക്കളുമായി ആലോചിച്ച് തീരുമാനിക്കണം എന്നാണ്. ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം അസാധുവാണെന്ന് വിധിക്കുകയും ചെയ്തു. സുപ്രീം കോടതിയാണ് അവരുടെ വിവാഹം ശരിവെക്കുകയും പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും അവകാശമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തത്.

നിരവധി നിയമങ്ങളും സംരക്ഷണങ്ങളും ഉണ്ടെങ്കിലും സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ മുന്നിൽ തന്നെയാണ് ഇന്ത്യ. ബലാത്സംഗങ്ങൾ, കൊലപാതകങ്ങൾ, മറ്റ് തരം ലൈംഗിക പീഡനങ്ങൾ, പെൺകുട്ടികൾക്കെതിരായ അക്രമങ്ങൾ, വീടിനുള്ളിൽ പോലും നടക്കുന്ന അക്രമങ്ങൾ ഇതെല്ലാം വർധിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള നിരവധി വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്.

ഈ അതിക്രമങ്ങൾ നടത്തുന്നവർ പലപ്പോഴും സംരക്ഷിക്കപ്പെടുന്നു. പൊലീസും മറ്റ് ഭരണ സംവിധാനങ്ങളുമെല്ലാം അക്രമത്തിന് കൂട്ടുനിൽക്കുന്നുവെന്ന പരാതികൾ വ്യാപകമാണ്. നമ്മുടെ ഭരണഘടനയും അതിനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളും പലപ്പോഴും സർക്കാരുകൾ തന്നെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ക്രിമിനൽ ആൾക്കൂട്ടങ്ങളും ഫാസിസ്റ്റ് സംഘങ്ങളും നിയമവാഴ്ച്ചയും ഭരണഘടനാ മൂല്യങ്ങളും തകർക്കുന്നു. സ്ത്രീകൾക്കും ദുർബല വിഭാഗങ്ങൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നു. അവരുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങൾ നിർവീര്യമാക്കപ്പെടുന്നു.

ഒരു കാലത്ത് മനുസ്മൃതിയായിരുന്നു സമൂഹത്തെ നിയന്ത്രിച്ചിരുന്നത്. ജനനം മുതൽ വാർധക്യം വരെ പുരുഷനാൽ സംരക്ഷിക്കപ്പെടുന്ന സ്ത്രീ എന്നതായിരുന്നു സങ്കൽപ്പം. എന്നാൽ ഈ രക്ഷാപുരുഷ സങ്കൽപ്പം തന്നെയാണ് സ്ത്രീകൾ ആക്രമിക്കപ്പെടാനും അടിച്ചമർത്തപ്പെടാനും കാരണമായത്. മനുസ്മൃതിയിൽ നിന്ന് ഭരണഘടനയിലേക്കുള്ള മാറ്റം ബ്രാഹ്മണ്യ പുരുഷാധിപത്യത്തിൽ നിന്ന് തുല്യ നീതിയിലേക്കുള്ള ജനാധിപത്യ പരിവർത്തനമാണ്.

സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ കോടതികൾ തന്നെയാണ് ഭരണഘടനയുടെയും ഭരണഘടന മൂല്യങ്ങളുടെയും സംരക്ഷണം ഉറപ്പു വരുത്തേണ്ടത്. ഭരണഘടനയും നിയമങ്ങളും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ട കോടതികളാണ് അക്രമത്തിന് ഇരയാകുന്നവരുടെ അവസാനത്തെ അഭയകേന്ദ്രം. കോടതികൾ കൂടി നീതി നടപ്പാക്കുന്നതിൽ ജാഗ്രത കാട്ടിയില്ലെങ്കിൽ അനീതിയുടെയും അക്രമങ്ങളുടെയും പെരുമഴയാകും തുടരുക. ഭരണഘടനക്കും നിയമങ്ങൾക്കും പകരം മനുസ്മൃതിയുടെ കാലത്തേക്കാണോ രാജ്യം പോകുന്നത്?