ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഭരണപക്ഷമായ എല്‍ഡിഎഫിനും പ്രതിപക്ഷത്തുള്ള യുഡിഎഫിനും ജീവന്മരണ പോരാട്ടമാണ്. നിലവില്‍ ഒരു എംഎല്‍എ മാത്രമുള്ള ബിജെപിക്ക് സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കേരളത്തില്‍ പ്രസക്തിയുണ്ടാകൂ.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്, പ്രത്യേകിച്ച് സിപിഎമ്മിന് അധികാരം അവശേഷിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കുത്തകയായിരുന്ന പശ്ചിമ ബംഗാളും ത്രിപുരയും നേരത്തെ നഷ്ടപ്പെട്ടു. അടുത്ത കാലത്തൊന്നും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയില്ല. ഒരു ദേശീയ പാർട്ടികളെന്ന നിലയിൽ സിപിഎമ്മിനും സിപിഐക്കും കേരളത്തില്‍ അധികാരം നിലനിർത്തുക പ്രധാനമാണ്.
കഴിഞ്ഞ തവണ ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’ എന്നായിരുന്നു പരസ്യവാചകം. എൽ ഡി എഫ് അധികാരത്തിൽ വരികയും ചെയ്തു. എല്ലാം ശരിയായോ എന്ന് ഈ തെരഞ്ഞെടുപ്പില്‍ വോട്ടർമാർ വിധിയെഴുതും.
‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് ഇത്തവണത്തെ പരസ്യ വാചകം. പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഭരണത്തുടർച്ച ഉറപ്പാണ് എന്നാണ് അവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.
ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും വികസന രംഗത്തും ഉണ്ടായ കുതിച്ചു ചാട്ടത്തെക്കുറിച്ചാണ് എല്‍ഡിഎഫിന്‍റെ അവകാശവാദങ്ങൾ. കോവിഡ് കാലത്ത് തുടങ്ങിവെച്ച ഭക്ഷ്യ കിറ്റ് വിതരണവും സാമൂഹിക ക്ഷേമ പെൻഷനുകളും നേട്ടമുണ്ടാക്കുമെന്ന് അവർ കരുതുന്നു. അതോടൊപ്പം തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെന്ന് കരുതുന്ന ലീഗ് വിരുദ്ധ കാർഡ് വീണ്ടും ഇറക്കുമെന്ന സൂചനയും എ വിജയരാഘവൻ്റെയും വിണറായി വിജയൻ്റെയും പ്രസ്താവനകൾ നൽകുന്നത്. ജോസ് കെ മാണിയുടെ വരവ് മധ്യ കേരളത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
കോൺഗ്രസിനും യു ഡി എഫിനും നിർണായകമായ തെരഞ്ഞെടുപ്പാണിത്. ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് ഭരണം ലഭിക്കാവുന്ന ഏക സംസ്ഥാനം കേരളമാണ്. പുതുച്ചേരിയിലും ഭരണം പോയതോടെ നിലവില്‍ മറ്റെവിടെയും സാധ്യതകളില്ല. ഈ തെരഞ്ഞെടുപ്പിൽ തോൽക്കുകയും എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയും ചെയ്താൽ കേരളത്തിൽ കോൺഗ്രസും യുഡിഎഫും തകർന്നേക്കാമെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്.
തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ പ്രതീക്ഷയറ്റ നിലയിലായിരുന്നു യുഡിഎഫ്. തിരുവനന്തപുരം നഗരസഭ അടക്കം പല പ്രദേശങ്ങളിലും ബിജെപി നടത്തിയ മുന്നേറ്റം യുഡിഎഫിനെ പ്രതിസന്ധിയിലാക്കി. വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ നീക്ക് പോക്കും തിരിച്ചടിയായി. ജോസ് കെ മാണിയുടെ മുന്നണിയില്‍ നിന്നുള്ള പോക്കും നഷ്ടമായി. സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിൽ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളും കാര്യമായി ഗുണം ചെയ്തില്ല.
എന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ തന്നെ പുനസംഘടന നടത്തിയാണ് അതിനെ മറികടക്കാൻ ശ്രമിച്ചത്. ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാനാക്കി. പി കെ കുഞ്ഞാലിക്കുട്ടി ലീഗിൻ്റെ സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചെത്തിയതും യുഡിഎഫിന് ജീവൻ വെപ്പിച്ചു. ‘ഐശ്വര്യ കേരളം’ എന്ന പരസ്യവാചകവുമായാണ് യുഡിഎഫ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള യാത്ര നടത്തിയത്.
ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ നിയമം കൊണ്ടുവരുമെന്ന കോൺഗ്രസ് പ്രഖ്യാപനം യുഡിഎഫിന് പുതിയ പിടിവള്ളിയായി. മുസ്ലിം ലീഗും മുസ്ലിങ്ങളുമാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നതെന്ന സിപിഎമ്മിൻ്റെയും ബിജെപിയുടെയും പ്രചാരണത്തിന് തടയിടാൻ ഇതോടെ കഴിഞ്ഞു. ശബരിമല കേസിൽ സർക്കാർ സ്ത്രീ പ്രവേശനത്തെ എതിർത്ത് പുതിയ സത്യവാങ്മൂലം നൽകണമെന്നും സമരത്തിൻ്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
എൻഎസ്എസ് നേതാവ് ജി സുകുമാരൻ നായർ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെ യുഡിഎഫിന് പുതിയ ഉണർവായി. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടിൽ നിന്ന് സർക്കാരും സിപിഎമ്മും പിൻവാങ്ങുകയും കേസുകൾ പിൻവലിക്കുകയും ചെയ്തു.
അതിനിടയിൽ പിഎസ് സി റാങ്ക് ഹോൾഡർമാർ നടത്തിയ സമരവും പിൻവാതിൽ നിയമന വിവാദങ്ങളും യുഡിഎഫിന് ഗുണകരമായി. കോൺഗ്രസ് നേരിട്ട് സമരത്തിൽ വന്നു. അതിന് പിന്നാലെയാണ് ആഴക്കടൽ മത്സ്യബന്ധന മേഖലയിൽ ഇ എം സി സി എന്ന അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ ആഴക്കടൽ ട്രോളർ ധാരണാപത്രവും കരാറും വിവാദമായത്. രമേശ് ചെന്നിത്തലയുടെ ആരോപണം മത്സ്യത്തൊഴിലാളികൾക്കിടയിൽ സർക്കാരിനെതിരെ കടുത്ത അതൃപ്തിയുണ്ടാക്കി. ധാരണാ പത്രവും കരാറും പിൻവലിച്ചെങ്കിലും തീരദേശത്ത് സർക്കാരിനോടുള്ള പ്രതിഷേധം തുടരുകയാണ്. ഈ മാറ്റങ്ങൾ കോൺഗ്രസിന് പ്രതീക്ഷകൾ നൽകുന്നുണ്ടെങ്കിലും ഭരണം പിടിക്കാന്‍ അത് മതിയാകുമോ എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്.
ബിജെപിക്ക് നിലവിലുള്ള നേമം സീറ്റ് നിലനിര്‍ത്തുകയും കൂടുതൽ സീറ്റുകൾ നേടുകയും ചെയ്താലേ അധികാരത്തിലേക്ക് അടുക്കുന്നു എന്ന പ്രതീക്ഷ നൽകാൻ അണികൾക്ക് കഴിയൂ. കഴിഞ്ഞ തവണ ഏഴ് സീറ്റുകളിൽ രണ്ടാമതെത്തിയതും തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ ഉണ്ടാക്കിയ നേട്ടവുമാണ് അവരുടെ പ്രതീക്ഷ. നേമത്തിന് പുറമെ പാലക്കാടും മഞ്ചേശ്വരവും എങ്കിലും പിടിക്കാൻ കഴിയണം.
കേന്ദ്ര സർക്കാരിൻ്റെ അധികാരം തന്നെയാണ് ബി ജെ പിയുടെ തുറുപ്പ് ചീട്ട്. എന്നാൽ കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന ബിഡിജെഎസ് ദുർബ്ബലാവസ്ഥയിലും പിളർപ്പിലുമാണ്. പി സി ജോർജിലും പി സി തോമസിലും അവസാനിക്കുന്നു മുന്നണി പ്രതീക്ഷ. ഇ ശ്രീധരൻ്റെ പാർട്ടി പ്രവേശമാണ് ആവേശം നൽകുന്നത്.
യുഡിഎഫ് തട്ടിയെടുത്ത ശബരിമല കാർഡിന് പകരം ലൗ ജിഹാദ് തടയാൻ നിയമം നിർമിക്കുമെന്ന പ്രഖ്യാപനവുമായാണ് കെ സുരേന്ദ്രൻ വിജയ യാത്ര നടത്തുന്നത്. ദേവസ്വം ബോർഡുകൾ വിരിച്ചുവിട്ട് ക്ഷേത്ര ഭരണം വിശ്വാസികളെ ഏൽപ്പിക്കുമെന്ന പ്രഖ്യാപനവുമുണ്ട്. ഹലാൽ ഭക്ഷണവും ന്യൂനപക്ഷാവകാശം മുസ്ലിങ്ങൾ തട്ടിയെടുക്കുന്നുവെന്ന പ്രചാരണവും അവർ നടത്തുന്നു.
കേരളത്തിൽ പരമാവധി വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിലൂടെ ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് ബിജെപിയുടെ ലക്ഷ്യം. ഒപ്പം കുറെയെങ്കിലും ക്രൈസ്തവ പിന്തുണയും നേടണം. അതിനാണ് സഭാ നേതാക്കളുമായി നരേന്ദ്ര മോദി നേരിട്ട് ചർച്ച നടത്തിയത്. ക്രിസ്മസ് കാലത്തെ ഹലാൽ ഭക്ഷണ വിവാദത്തിന്‍റെ ലക്ഷ്യവും അത് തന്നെ. 35-40 സീറ്റ് നേടിയാൽ അധികാരം നേടാമെന്ന പ്രസ്താവന കെ സുരേന്ദ്രൻ തന്നെ വിശ്വസിക്കുമെന്ന് കരുതാനാകില്ല. അണികളെ ആവേശഭരിതരാക്കുകയാണ് ലക്ഷ്യം. ദിനം പ്രതി കുതിച്ചുയരുന്ന ഡീസല്‍, പെട്രോൾ, പാചകവാതക വില വർധന ബിജെപിക്ക് കനത്ത തിരിച്ചടിയാകും.
എന്നാൽ കേരളത്തിൻ്റെ രാഷ്ട്രീയ അജണ്ട തീരുമാനിക്കുന്നത് ബിജെപിയാണെന്നും രണ്ട് മുന്നണികളും അത് നടപ്പാക്കുകയാണെന്നുമുള്ള വി മുരളീധരൻ്റെ അവകാശവാദം ശരിയാണോ? യുഡിഎഫിൻ്റെ ശബരിമല ആചാര സംരക്ഷണ നിയമവും എൽഡിഎഫിൻ്റെ മുസ്ലിം ലീഗിനെ കേന്ദ്രീകരിച്ചുള്ള കാംപയിനും മുന്നാക്ക സംവരണത്തിൽ മൂന്ന് മുന്നണികൾക്കുമുള്ള ഒരേ നിലപാടും ഇത് ശരിവെക്കുന്നുണ്ട്. രാഷ്ട്രീയ അജണ്ട തീരുമാനിക്കുന്നതിലേക്ക് ബിജെപി സ്വാധീനം വളരുന്നുണ്ടെങ്കില്‍ അത് കേരളത്തിന് വിനാശകരമാണെന്ന തിരിച്ചറിവ് എല്‍ഡിഎഫിനും യുഡിഎഫിനും മാത്രമല്ല ജനങ്ങള്‍ക്കും ഉണ്ടാകണം.