തിരുവനന്തപുരം:
മുസ്ലീംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകളെ തള്ളിയ മുരളീധരന്‍ മുസ്ലീംലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണെന്നും തുറന്നടിച്ചു. ആശയപരമായി യോജിക്കണമെങ്കില്‍ പുതിയ പാര്‍ട്ടിയായി വരേണ്ടി വരുമെന്നും മുസ്ലീംലീഗിന് വര്‍ഗീയത മാറ്റിവച്ച് വരാന്‍ ആകില്ലെന്നും വി മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
മുസ്ലീംലീഗിനെ കേരളത്തിലോ, ഇന്ത്യയില്‍ എവിടെയെങ്കിലുമോ ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ ഭാഗമാകാന്‍ ക്ഷണിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. കേരളത്തില്‍ ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന ശക്തികളില്‍ ഒന്ന് മുസ്ലീംലീഗാണ്. അത്തരം ഒരു പാര്‍ട്ടിയെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് എടുക്കാന്‍ കഴിയില്ല.
ബിജെപി നേതാക്കള്‍ പറഞ്ഞത് ന്യൂനപക്ഷങ്ങളുമായുള്ള സമീപനവുമായി ബന്ധപ്പെട്ടാണ്. അല്ലാതെ മുസ്ലീംലീഗ് എന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ലെന്നും വി മുരളീധരന്‍ പറഞ്ഞു.