മനാമ:
ബഹ്റൈനിൽ കോവിഷീൽഡ്-ആസ്ട്ര സെനേക്ക വാക്സിൻ നൽകാനുള്ള കാലയളവിൽ മാറ്റം വരുത്തി. രണ്ടാമത്തെ ഡോസ് നൽകുന്നത് നാലാഴ്ചക്കുശേഷം എന്നത് എട്ടാഴ്ചക്കുശേഷം എന്നാക്കി. പൊതുജനാരോഗ്യ കാര്യ അണ്ടർ സെക്രട്ടറി ഡോ മറിയം ഇബ്രാഹിം അൽ ഹാജ്രിയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാമത്തെ ഡോസ് എട്ടാഴ്ച കഴിഞ്ഞ് നൽകുന്നതാണ് കൂടുതൽ ഫലപ്രദം എന്ന് പഠനങ്ങളിൽ വ്യക്തമായതിൻറെ അടിസ്ഥാനത്തിലാണ് നടപടി. ലോകാരോഗ്യ സംഘടനയും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരുന്നു. അതിനിടെ, മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും വാക്സിൻ നൽകാനുള്ള നടപടി തുടങ്ങി. സിനോഫാം, ഫൈസർ-ബയോൺടെക് വാക്സിനുകളാണ് ഇവർക്ക് നൽകുന്നത്.
ആരോഗ്യ മന്ത്രാലയത്തിൻറെ വെബ്സൈറ്റ്, ബി അവെയർ ആപ് എന്നിവ വഴി വാക്സിന് രജിസ്റ്റർ ചെയ്യാം.