Thu. Dec 19th, 2024
കൊൽക്കത്ത:

ബംഗാളിലെ വോട്ടെടുപ്പ് എട്ടു ഘട്ടമായി നടത്താൻ തീരുമാനിച്ചതു ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാൾ വോട്ടെടുപ്പ് തീയതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നിർദേശിച്ചതാണോ? ഏകദേശം ഇതേ സീറ്റുകളുള്ള മറ്റു സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി തന്നെ വോട്ടെടുപ്പ് നടക്കുന്നു. എന്തുകൊണ്ടാണ് ബംഗാളിനെ അപമാനിക്കുന്നതെന്നും മമത ചോദിച്ചു.

ഞാൻ ബംഗാളിൻ്റെ മകളാണ്. 40 വർഷമായി രാഷ്ട്രീയത്തിലുണ്ട്. എല്ലാ ജില്ലകളെയും എല്ലാ നിയമസഭാ സീറ്റുകളെയും എനിക്കറിയാം. നിങ്ങൾ എന്തുതന്നെ ചെയ്താലും ഞാൻ നിങ്ങളുടെ ഗൂഢാലോചനയെ തകർക്കും. ബംഗാളിലെ ജനങ്ങൾ ബംഗാളിനെ ഭരിക്കും. എട്ട് ഘട്ടമായി വോട്ടെടുപ്പ് നടത്തി അപമാനിക്കുന്നതിന് ബംഗാളിലെ ജനങ്ങൾ പ്രതികാരം ചെയ്യും. അവർ പറഞ്ഞു.

‘സൗത്ത് 24 പർഗാനയില്‍ മൂന്നുഘട്ടമായാണ് വോട്ടെടുപ്പ്. എന്തുകൊണ്ട്? കാരണം ഞങ്ങൾ ആ ജില്ലയിൽ ശക്തരാണ്? ഇത് മോദിയുടെയും ഷായുടെയും ഉപദേശപ്രകാരമാണോ? അസമിലും തമിഴ്നാട്ടിലും പ്രചാരണം പൂർത്തിയാക്കുമ്പോൾ ഇവിടെ വന്ന് പ്രചാരണം നടത്താം. എന്നാൽ ഞങ്ങൾ നിങ്ങളെ പരാജയപ്പെടുത്തും’ അവർ പറഞ്ഞു. മമതയുടെ അനന്തരവൻ അഭിഷക് ബാനർജി സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാർബറിൽനിന്നുള്ള എംപിയാണ്. ബിജെപിയുടെ പ്രചാരണങ്ങളിൽ അദ്ദേഹത്തെ ലക്ഷ്യം വച്ചിട്ടുണ്ട്.

പല ജില്ലകളിലും ഒന്നിലധികം ഘട്ടമായി തിരഞ്ഞെടുപ്പു നടത്തുന്നതിനു പുറമേ, വിവേക് ദുബെ ഉൾപ്പെടെ രണ്ട് പ്രത്യേക പൊലീസ് നിരീക്ഷകരെ സംസ്ഥാനത്തേക്ക് നിയോഗിച്ചതും മമതയെ പ്രകോപിപ്പിച്ചു. ‘2019ലും അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു. അദ്ദേഹം ചെയ്ത എല്ലാ നാടകങ്ങളും കളിച്ച കളികളും ഞങ്ങൾക്കറിയാം.’ മമത പറഞ്ഞു

By Divya