ദുബൈ:
കൊവിഡ് വീണ്ടും വ്യാപിച്ചതോടെ ദുബൈയിൽ കഴിഞ്ഞ മാസം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ റമദാൻ വരെ ദീർഘിപ്പിക്കാൻ ദുരന്തനിവാരണ സമിതി തീരുമാനിച്ചു. ഏപ്രിൽ രണ്ടാം വാരത്തിലാണ് റമദാൻ തുടങ്ങുന്നത്. അത് വരെ നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം.
നിയന്ത്രണങ്ങൾ റമദാൻ വരെ തുടരാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന ദുബൈ ദുരന്തനിവാരണ ഉന്നതാധികാരി സമിതി തീരുമാനിച്ചത് നിലവിലെ നിയന്ത്രണങ്ങൾ അനുസരിച്ച് ദുബൈയിലെ ഭക്ഷണശാലകൾ രാത്രി ഒന്നിന് മുമ്പ് അടക്കണം.
മദ്യശാലകളും പബ്ബുകളും തുറക്കരുത്. തിയറ്ററുകൾ, കായികകേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ ഇൻഡോർ വേദികൾ എന്നിവയിൽ ശേഷിയുടെ പകുതി കാണികളെ മാത്രമേ പ്രവേശിപ്പിക്കൂ. മാളുകളിലും സ്വകാര്യ ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും 70 ശതമാനം പേർക്ക് മാത്രമെ പ്രവേശനമുള്ളൂ.