Wed. Nov 6th, 2024
ന്യൂഡൽഹി:

കശ്മീരിലെ നിയന്ത്രണരേഖ അടക്കമുള്ള അതിർത്തി മേഖലയിലുടനീളം സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ഇന്ത്യ, പാക്ക് സേനകൾ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ഹോട്‍ലൈനിലൂടെ നടത്തിയ ആശയവിനിമയത്തെത്തുടർന്നാണു തീരുമാനം. 24ന് അർധരാത്രി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.

2003 നവംബറിൽ നിലവിൽ വരികയും പിന്നീട് നിർജീവമാവുകയും ചെയ്ത വെടിനിർത്തൽ കരാറാണു നടപ്പാക്കുന്നത്. അതിർത്തിയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള കരാറുകളും ധാരണകളും കർശനമായി പാലിക്കാൻ ഇരുകൂട്ടരും തീരുമാനിച്ചതായി ഇന്ത്യൻ സേന അറിയിച്ചു. സമാധാനം തകർക്കുന്നതും അക്രമത്തിലേക്കു നയക്കുന്നതുമായ സംഘർഷങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു.

വെടിനിർത്തലിന്റെ സാധ്യതകൾ പരിശോധിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക്ക് ദേശീയ സുരക്ഷാ വിഭാഗം സ്പെഷൽ അസിസ്റ്റന്റ് മൊയീദ് ഡബ്ല്യു. യൂസഫും ഈയിടെ നടത്തിയ അനൗദ്യോഗിക ചർച്ചകളുടെ തുടർച്ചയായിട്ടായിരുന്നു സേനാതല ചർച്ചകൾ.

By Divya