Sat. Mar 30th, 2024
കൊല്ലം:

അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കുവേണ്ടി ഒപ്പുവച്ച 5000 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും ഇതേ കമ്പനിയുമായുള്ള 2250 കോടിയുടെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിനു മൗനം. മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി ഉൾപ്പെടെ ആരോഗ്യമേഖലയിൽ വിപുലമായ പദ്ധതി നടപ്പാക്കാനെന്ന പേരിലാണ് ഇഎംസിസി ഇന്റർനാഷനൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കൊച്ചിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിൽ സർക്കാർ ധാരണാപത്രം ഒപ്പുവച്ചത്.

ഇതുൾപ്പെടെ ആകെ 7250 കോടിയുടെ പദ്ധതികൾക്കാണ് ഒപ്പുവച്ചതെന്ന് ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസ് പറഞ്ഞു. എന്നാൽ, ആരോഗ്യപദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടതു സംസ്ഥാന സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കായി ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രമാണു സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയത്.

ഈ പദ്ധതിയുടെ ഭാഗമായി, ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി ഇഎംസിസി ഒപ്പുവച്ച 2950 കോടി രൂപയുടെ ഉപധാരണാപത്രം മാത്രം റദ്ദാക്കാനായിരുന്നു ആദ്യ തീരുമാനം. വിവാദം കനത്തതോടെ 5000 കോടിയുടേതും റദ്ദാക്കാൻ തീരുമാനിച്ചു.

By Divya