ന്യൂഡല്‍ഹി:
സമൂഹ മാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ മാധ്യമ സ്ഥാപനങ്ങള്‍ എന്നിവ വഴിയുള്ള ഉള്ളടക്കങ്ങളെ നിയന്ത്രിച്ച് പുതിയ മാർഗ നിർദേശങ്ങൾ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം പുറപ്പെടുവിച്ചു.
സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് പ്രധാനമായും മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. എന്നാല്‍, രാജ്യത്ത് സംപ്രേക്ഷണം ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാത്തരം ഓണ്‍ലൈൻ മാധ്യമങ്ങൾക്കും നിയന്ത്രണം ബാധകമണ്.
നവമാധ്യമങ്ങളുടെ നിയന്ത്രണത്തിനായി ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ‍് 2021 എന്ന പേരിൽ നിലവിലെ നിയമങ്ങൾ പരിഷ്കരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്, വാര്‍ത്ത വിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
ഓണ്‍ലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ, ന്യൂസ് സൈറ്റുകൾ, വിവിധ സമൂഹമാധ്യമങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളും പുതിയ നിയമങ്ങൾക്ക് കീഴിൽ വരും. ഡിജിറ്റൽ എത്തിക്സ് കോഡിലൂടെ രാജ്യത്തെ എല്ലാ സോഷ്യൽ മീഡിയ – ഒടിടി പ്ലാറ്റുഫോമുകൾക്കും പ്രവർത്തനത്തിനായി കൃത്യമായ ചട്ടം വരുമെന്ന് കേന്ദ്രമന്ത്രിമാർ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഓണ്‍ലെെന്‍ പ്ലാറ്റ്ഫോമുകള്‍ സര്‍ക്കാരിന്‍റെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം. പരാതി പരിഹരിക്കാന്‍ സംവിധാനം ഉണ്ടാക്കണം. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സമയബന്ധിതമായി നീക്കണം. സ്ത്രീകളെ അധിക്ഷേപിക്കുന്ന ഉള്ളടക്കം 24 മണിക്കൂറിനകം നീക്കണം. ചട്ടങ്ങള്‍ ലംഘിച്ച സന്ദേശം ആദ്യം പോസ്റ്റ് ചെയ്തതാരെന്ന് കണ്ടെത്തണം. ആദ്യസന്ദേശം വിദേശത്തുനിന്നെങ്കില്‍ ഇന്ത്യയില്‍ ആദ്യം പോസ്റ്റ് ചെയ്തതാരെന്നും അറിയണം തുടങ്ങി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്.
ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, ട്വിറ്റര്‍ എന്നീ സോഷ്യൽ മീഡിയ മെസേജിംഗ് ആപ്പുകൾക്കും യൂട്യൂബ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ വീഡിയോ പ്ലാറ്റ് ഫോമുകൾക്കും എല്ലാത്തരം ഓണ്‍ലൈൻ ന്യൂസ് ചാനലുകൾക്കും എൻ്റര്‍ടെയ്ൻമെൻ്റ പോര്‍ട്ടലുകൾക്കും പുതിയ നിയമം ബാധകമായിരിക്കും.
സമൂഹ മാധ്യമങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിമർശിക്കാനും യോജിക്കാനുള്ള സ്വാതന്ത്രം രാജ്യത്തുണ്ട്. മാധ്യമങ്ങൾ രാജ്യത്തെ ജനങ്ങളെ ശക്തിപ്പെടുത്തുന്നു എന്ന കാര്യവും അംഗീകരിക്കുന്നു. പക്ഷേ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമപരിഷ്കാരം കൊണ്ടു വരുന്നതെന്ന് കേന്ദ്ര മന്ത്രിമാര്‍ വ്യക്തമാക്കി.
നിലവിലുള്ള ഐടി ആക്ടിനെ പരിഷ്കരിച്ചാണ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് ഉണ്ടാക്കുന്നത് അല്ലാതെ മാധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയൊരു നിയമം കൊണ്ടു വരികയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. ഐടി ആക്ടിൻ്റെ ഭാഗമായി നിലവിൽ ടെലിവിഷൻ ചാനലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ സംവിധാനമുണ്ട്. അതേ മാതൃകയിൽ ഡിജിറ്റൽ മാധ്യമങ്ങൾക്കും നിയന്ത്രണം കൊണ്ടു വരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
https://www.youtube.com/watch?v=7WoGVBNNZLI