റിയാദ്:
കൊവിഡ് പ്രോട്ടോക്കോളിൻറെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികൾ അവർ ജോലിചെയ്യുന്ന രാജ്യങ്ങളിൽനിന്ന് 72 മണിക്കൂറിനകം എടുത്ത കോവിഡ് ടെസ്റ്റ് റിപ്പോർട്ടുകൾ ഓൺലൈൻ വഴി അപ്ലോഡ് ചെയ്യണമെന്നും നാട്ടിലെ വിമാനത്താവളങ്ങളിലെത്തിയാൽ 1,800 രൂപ മുടക്കി വീണ്ടും ടെസ്റ്റ് ചെയ്യണമെന്നുമുള്ള പുതിയ നിബന്ധന യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് സൗദി കെഎംസിസി നാഷനൽ കമ്മിറ്റി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ നിയമങ്ങൾ പ്രവാസികളെ ദുരിതത്തിലാക്കുന്നതാണ്. ഈ നീക്കത്തിൽ നിന്ന് പിന്മാറണം.
കൊവിഡ് മുൻകരുതലിൻറെ ഭാഗമായി ഇത്തരം നടപടികൾ തുടരുന്നപക്ഷം ചിലവ് സർക്കാർ വഹിക്കുകയും ടെസ്റ്റ് സൗജന്യമാക്കുകയും വേണം. ഇക്കാര്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എംപിമാർക്കും നോർക്കക്കും പ്രതിപക്ഷനേതാവിനും കത്തുകളയച്ചെന്ന് ഭാരവാഹികൾ പറഞ്ഞു. ഒന്നുകിൽ വിമാനം കയറുന്നതിനു മുമ്പോ അല്ലെങ്കിൽ വിമാനം ഇറങ്ങിയശേഷമോ ഒരുതവണ മാത്രം ടെസ്റ്റ് ചെയ്യാനുള്ള സാഹചര്യമൊരുക്കുകയും അത് സൗജന്യമായി നൽകുകയും വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.