Thu. Jan 23rd, 2025
ന്യൂദല്‍ഹി:

കര്‍ഷകസമരം പുതിയ വഴിത്തിരിവിലേക്ക്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ അടുത്തഘട്ടം പാര്‍ലമെന്റ് ഘരാവോ ആയിരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. രാജസ്ഥാനിലെ ശികാറില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനിടെയായിരുന്നു ടികായത്തിന്റെ പരാമര്‍ശം.

കര്‍ഷകര്‍ എപ്പോഴും സജ്ജരായിരിക്കണമെന്നും ഏത് നിമിഷവും ദല്‍ഹി മാര്‍ച്ച് ആഹ്വാനം ചെയ്യുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തവണ പാര്‍ലമെന്റ് ഘരാവോയാണ് ആഹ്വാനം ചെയ്യേണ്ടത്. ഉടന്‍ തന്നെ ദല്‍ഹിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് ചെയ്യും. ഇത്തവണ നാല് ലക്ഷം ട്രാക്ടറുകള്‍ക്ക് പകരം 40 ലക്ഷം ട്രാക്ടറുകള്‍ അണിനിരക്കും, ടികായത് പറഞ്ഞു.

ഇന്ത്യാഗേറ്റിന് സമീപത്തുള്ള പ്രദേശം കര്‍ഷകര്‍ ഉഴുതുമറിച്ച് കൃഷിയിറക്കുമെന്നും വിളവെടുക്കുമെന്നും ടികായത് പറഞ്ഞു. പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ചിന്റെ തീയതി ഉടന്‍ തന്നെ കര്‍ഷകരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷങ്ങള്‍ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ടികായത് പറഞ്ഞു.

By Divya