കുവൈറ്റ് സിറ്റി:
ഫെബ്രുവരി 24 ബുധനാഴ്ച മുതൽ കുവൈത്തിൽ ബസുകളിൽ 30 ശതമാനത്തിൽ കൂടുതൽ യാത്രക്കാർ പാടില്ല. കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗാമായാണ് മന്ത്രിസഭ നിയന്ത്രണം കൊണ്ടുവന്നത്. സ്വകാര്യ കമ്പനികളിൽ 50 ശതമാനത്തിലും സർക്കാർ ഓഫിസുകളിൽ 30 ശതമാനത്തിലുമധികം ജീവനക്കാർ ജോലിക്കെത്തരുത്. ഇതനുസരിച്ച് ബന്ധപ്പെട്ടവർ ഷിഫ്റ്റ് ക്രമീകരിക്കണം.
സർക്കാർ ഓഫിസിൽ കൂടുതൽ ജീവനക്കാർ ആവശ്യമാണെങ്കിൽ സിവിൽ സർവിസ് ബ്യൂറോയുമായി ഏകോപനം നടത്തണം. മാർച്ച് 20 വരെ കര, സമുദ്ര അതിർത്തികളിൽ പ്രവേശന നിയന്ത്രണമുണ്ടാകും. കുവൈത്തികൾ, അവരുടെ നേരിട്ടുള്ള ബന്ധുക്കൾ, വീട്ടുജോലിക്കാർ എന്നിവരെ വരാൻ അനുവദിക്കും.
ചരക്കുനീക്കത്തിനും തടസ്സമുണ്ടാകില്ല. തീരുമാനങ്ങൾ നടപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് എന്നിവയെ ചുമതലപ്പെടുത്തി. റസ്റ്റാറൻറുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതി റദ്ദാക്കി പാഴ്സൽ സർവിസ് മാത്രം അനുവദിച്ചുള്ള ഉത്തരവും ബുധനാഴ്ച മുതൽ പ്രാബല്യത്തിലാകും. ഷോപ്പിങ് മാളുകൾക്കുള്ളിലെ റസ്റ്റാറൻറുകൾക്കും കഫെകൾക്കും ഉത്തരവ് ബാധകമാണ്.
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. കർഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശിപാർശ മന്ത്രിസഭ അംഗീകരിച്ചില്ല. തൽക്കാലം കർഫ്യൂ വേണ്ടെന്നും പിന്നീട് സാഹചര്യം വിലയിരുത്തി തീരുമാനിക്കാമെന്നും നിശ്ചയിച്ചത് കർഫ്യൂ ഭയന്നിരുന്ന വ്യാപാരിസമൂഹം ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമായി.