ദോഹ:
ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ ലോകകപ്പ് സംഘടിപ്പിക്കുന്നതിനുള്ള ഭരണകൂട ശ്രമങ്ങൾക്ക് പിന്തുണയുമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. ജനങ്ങളെ കൂടുതൽ ബോധവത്കരിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊതുശുചിത്വ വകുപ്പ് മേധാവി മുഖ്ബിൽ മൻസൂർ അൽ ശമ്മാരി പറഞ്ഞു.
ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ 2022ലെ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ ദ്രുതഗതിയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതിനായി രാജ്യത്തെ ബീച്ചുകളെല്ലാം കൂടുതൽ സുന്ദരമാക്കുമെന്നും പുതിയ ബീച്ചുകൾ വികസിപ്പിക്കുമെന്നും ബന്ധപ്പെട്ട അതോറിറ്റികളുമായി ചേർന്നായിരിക്കും പദ്ധതികളെല്ലാം നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
2022ലാണ് ഫിഫ ലോകകപ്പ് ഫുട്ബാൾ നടക്കുക. ഉദ്ഘാടന മത്സരം നവംബർ 21ന് ദോഹ സമയം ഉച്ചക്ക് ഒന്നിന് അൽബെയ്ത സ്റ്റേഡിയത്തിൽ. ഖത്തർ ദേശീയദിനമായ ഡിസംബർ 18ന് വൈകീട്ട് ആറിന് ലുസൈൽൽ സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം.