Mon. Dec 23rd, 2024

തിരുവനന്തപുരം:

ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണം തേടിയ  മാധ്യമ പ്രവർത്തകയോട്​ അശ്ലീലം കലർത്തി പ്രതികരിച്ച്​ വിവാദത്തിലായ കെഎസ്​ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) എംഡി എൻ പ്രശാന്ത് ഐഎഎസ്സിന്‍റെ ഭാര്യ പ്രതികരണവുമായി രംഗത്ത്.

മാധ്യമപ്രവർത്തകയോട്​ പ്രതികരിച്ചത്​ താനാണെന്നും പ്രശാന്തിനെ മാധ്യമങ്ങളോട്​ പ്രതികരിക്കുന്നതിൽ നിന്ന്​ തൽകാലം മാറ്റിനിർത്തുകയായിരുന്നു ശ്രമമെന്നും ഭാര്യയായ ലക്ഷ്മി ഫെയ്സ്ബുക്കില്‍ കുറിച്ചു.

എന്നാൽ, പോസ്റ്റിന്​ താഴെ വിമർശിച്ചും പരിഹസിച്ചും നിരവധി പേരാണ്​ കമന്‍റ്​ ചെയ്​തിരിക്കുന്നത്​. ആഴക്കടല്‍ മത്സ്യബന്ധനവിവാദം കത്തിപ്പടരുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍ കളക്ടര്‍ ബ്രോയുടെ അശ്ലീല ചുവയുള്ള വാട്സ് ആപ്പിലെ മറുപടിയും ചര്‍ച്ചാ വിഷയമാകുകയാണ്.

https://www.youtube.com/watch?v=tJqwCqC7PVI

വിവാദത്തില്‍ പ്രതികരണമാരാഞ്ഞ് വിളിച്ച മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂണിറ്റിലെ മാധ്യമപ്രവർത്തകയായ കെ പി പ്രവിതയ്ക്കാണ്  പ്രശാന്തില്‍ നിന്ന് മോശം അനുഭവമുണ്ടായത്. മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്ക് അശ്ലീല ചുവയുള്ള സ്റ്റിക്കറുകളാണ് എന്‍ പ്രശാന്ത് തിരിച്ചയ്ക്കുന്നത്.  മാതൃഭൂമി ഈ വാട്സ് ആപ്പിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതം പുറത്തുവിട്ടിരുന്നു. ഇതും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്തടിസ്ഥാനത്തിലാണ് ഔദ്യോഗിക പ്രതികരണം തേടുമ്പോൾ ഇത്തരം മോശം സ്റ്റിക്കറുകൾ അയക്കുന്നതെന്ന് ചോദിച്ചപ്പോൾ, അതുവരെ അയച്ച സ്റ്റിക്കറുകൾ ഡിലീറ്റ് ചെയ്ത്, ആള് മാറിപ്പോയി, വാർത്ത കിട്ടാനുള്ള വഴിയിതല്ലെന്നും, ചില മാധ്യമപ്രവർത്തകർ ശുചീകരണത്തൊഴിലാളികളേക്കാൾ താഴ്ന്നവരാണെന്നും എൻ പ്രശാന്തിന്റെ മറുപടി.

പത്രത്തിലൂടെ ഇത് വാർത്തയാവുകയും, ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്തുവരികയും സോഷ്യല്‍ മീഡിയയിലടക്കം നിരവധി വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

മാധ്യമ പ്രവർത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലച്ചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐഎഎസ് ഉദ്യാഗസ്ഥൻ എൻ പ്രശാന്തിനെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയനും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ്  എൻ പ്രശാന്തല്ല താനാണ് മറുപടികൾ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തിയിരിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam