Fri. Nov 22nd, 2024
ന്യൂഡൽഹി:

എസ് എൻ സി ലാവലിൻ ഇടപാടിലെ ​ഗൂഢാലോചനയിൽ പിണറായി വിജയന് പങ്കുണ്ടെന്ന് വി എം സുധീരൻ. ലാവലിൻ കമ്പനിക്ക് അനുകൂലമായ നിലപാട് എടുക്കാൻ കെ എസ് ഇ ബി ജീവനക്കാർക്ക് മേൽ പിണറായി വിജയൻ സമ്മർദ്ദം ചെലുത്തി എന്നാണ് സുധീരന്റെ വാദം. ലാവലിൻ കേസിൽ വി എം സുധീരൻ സുപ്രീം കോടതിയിൽ വാദം എഴുതി  നൽകി. 

കേസിൽ വാദം തുടങ്ങാൻ തയ്യാറെന്നും നാളെ കോടതിയെ അറിയിക്കും ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവലിൻ കേസിൽ ഒടുവിൽ വാദം നാളെ ആരംഭിക്കാനിരിക്കുകയാണ്. കേസിൽ വാദത്തിന് തയ്യാറാണെന്ന് സിബിഐ അറിയിച്ചതായാണ് സൂചന. കേസിൽ വാദം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി.

തുഷാര്‍ മേത്തയാവും നാളെ കോടതിയിൽ സിബിഐക്കായി ഹാജരാവുക എന്നാണ് സൂചന. സിബിഐ സമയം നീട്ടി ചോദിച്ചത് കാരണമാണ്  ഇരുപത് തവണ  എസ്എൻസി ലാവലിൻ കേസിൻ്റെ വാദം സുപ്രീം കോടതി മാറ്റിവച്ചത്. ഇതിനിടെ കേസ് പരിഗണിക്കുന്ന ഡിവിഷൻ ബെ‍ഞ്ചിനും മാറ്റമുണ്ടായി.  

ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് നിലവിൽ കേസ് പരിഗണിക്കുന്നത്. ഈ കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിനായി കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സിബിഐ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ശക്തമായ വാദവുമായി സിബിഐ വന്നാൽ മാത്രമേ ഹര്‍ജി നിലനിൽക്കൂവെന്ന് ജസ്റ്റിസ് യു യു ലളിത് നേരത്തെ കേസ് പരിഗണിച്ച ഘട്ടത്തിൽ സിബിഐയോട് വ്യക്തമാക്കിയിരുന്നു.

നാളെ കേസ് വാദത്തിനെടുക്കാമെന്ന സിബിഐ നിലപാടിനോട് മറ്റു കക്ഷികളും യോജിച്ചുവെന്നാണ് സൂചന. പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജിയും ഇതു കൂടാതെ പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവര്‍ നൽകിയ ഹര്‍ജിയും അടക്കം എല്ലാ ഹര്‍ജികളും ഒരുമിച്ചാവും സുപ്രീംകോടതി പരിഗണിക്കുക.

By Divya