Wed. Jan 22nd, 2025
ന്യൂഡൽഹി:

കിഴക്കൻ ലഡാക്കിൽ ഡെപ്സാങ്, ഡെംചോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സേനാ പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ നടന്ന സൈനികതല ചർച്ചയിൽ തീരുമാനമായില്ല. ഗോഗ്ര, ഹോട്ട് സ്പ്രിങ് എന്നിവിടങ്ങളിൽ നിന്നുള്ള പിന്മാറ്റത്തിന്റെ കാര്യത്തിൽ വൈകാതെ പ്രഖ്യാപനമുണ്ടാകും. ഇരു രാജ്യങ്ങളുടെയും കമാൻഡർ തല ചർച്ചയിലുണ്ടായ തീരുമാനം ഉന്നത തലങ്ങളിൽ വിലയിരുത്തിയ ശേഷമായിരിക്കും ഇത്.

നിയന്ത്രണരേഖയിൽ ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ചർച്ച 16 മണിക്കൂർ നീണ്ടു. 14 കോർ കമാൻഡർ ലെഫ്. ജനറൽ പിജികെ. മേനോനാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. സൗത്ത് ഷിൻജിയാങ് മിലിട്ടറി കമാൻഡർ മേജർ ജനറൽ ലിയു ലിൻ ചൈനീസ് സംഘത്തെ നയിച്ചു.

പാങ്ഗോങ് തടാകത്തിന്റെ വടക്ക് കിഴക്കു കരകളിൽ നിന്ന് ഇരു രാജ്യങ്ങളുടെയും പിന്മാറ്റം പൂർത്തിയായ ശേഷമായിരുന്നു പത്താം വട്ട ചർച്ച നടന്നത്. ഡെപ്സാങ്, ഡെംചോക്ക് എന്നിവിടങ്ങളിൽ നിന്നു പെട്ടെന്നു ചൈനീസ് പിന്മാറ്റം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സൈനിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 1000 ചതുരശ്രമീറ്ററോളം ചൈനയുടെ ക്യാംപുകൾ ഇവിടെയുണ്ട്.

ഡെംചോക്കിൽ കാലിമേയ്ക്കാൻ ചെല്ലുന്ന ലഡാക്ക് ഗ്രാമീണരെ ചൈനീസ് സൈന്യം തടയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

By Divya