Wed. Nov 6th, 2024
ന്യൂഡൽഹി:

കേരളത്തിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്കു ബദലായി ബിജെപി ഉയർന്നു വരുന്നതായി ബിജെപി ഭാരവാഹികളുടെ യോഗം വിലയിരുത്തി. കഴിഞ്ഞ വർഷങ്ങളിലായി കേരളത്തിൽ പാർട്ടിയുടെ അംഗത്വവും വോട്ടുവിഹിതവും വർധിക്കുകയാണ്. നിലവിലെ സർക്കാരിനെതിരായ രോഷത്തോടൊപ്പം ബിജെപിയുടെ സ്വീകാര്യതയും കേരളത്തിൽ വർധിക്കുകയാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.

കേരള പ്രഭാരി സി പി രാധാകൃഷ്ണനും ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടിയും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റിന്റെ വിജയ യാത്ര നടക്കുന്നതിനാൽ മറ്റു ഭാരവാഹികൾ എത്തിയില്ല. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ സ്ഥാനമേറ്റ ശേഷം ആദ്യമായാണ് ദേശീയ ഭാരവാഹികളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം നടക്കുന്നത്. കൊവിഡ് കാരണം ഇതുവരെ വെർച്വലായിരുന്നു യോഗങ്ങളെല്ലാം.

ബിജെപിയുടെ ലക്ഷ്യം അധികാരമല്ലെന്നും ഭാരതത്തിന്റെ പുരോഗതിയാണെന്നും യോഗം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കർഷക നിയമങ്ങളടക്കം സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ജനങ്ങളുടെ ക്ഷേമം മുൻ നിർത്തിയാണ്. കർഷക നിയമങ്ങളെക്കുറിച്ചുള്ള വസ്തുതകൾ ജനങ്ങളിലേക്കെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതികളും യോഗം വിലയിരുത്തി. കാർഷിക മേഖലയിൽ വലിയ വഴിത്തിരിവുണ്ടാക്കുന്ന നിയമങ്ങൾ കൊണ്ടുവന്നതിന് ബിജെപി നേതൃയോഗം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചതായി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ് പറഞ്ഞു.

By Divya