Sat. Nov 23rd, 2024
തിരുവനന്തപുരം:

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോട്ടോ ഉൾപ്പെടെ കൂടുതൽ തെളിവുകൾ പുറത്തുവിട്ടതോടെ ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുടെ പ്രതിനിധികളെ കണ്ടിട്ടുണ്ടെന്നു ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സമ്മതിച്ചു. വിശദ പദ്ധതിരേഖ സമർപ്പിക്കാനാണു പറഞ്ഞതെന്നും മത്സ്യനയത്തിനു വിരുദ്ധമായ പദ്ധതികൾ നടപ്പാക്കില്ലെന്നുമാണു വിശദീകരണം.

മന്ത്രിതലത്തിൽ വീഴ്ചയില്ലെന്ന നിലപാടാണു വൈകിട്ടു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്. ഇഎംസിസിയുമായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) 2950 കോടി രൂപയുടെ പദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടതു സർക്കാരിനെ അറിയിക്കാതെയാണെന്നും ഇത്തരം കാര്യങ്ങൾ നടപ്പാക്കുന്ന ഘട്ടത്തിലേ അറിയിക്കേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കു ദോഷകരമായ പദ്ധതികൾ നടപ്പാക്കില്ല.

കമ്പനി വ്യവസായ വകുപ്പിനു നൽകിയ നിവേദനം പ്രതിപക്ഷ നേതാവിന് എങ്ങനെ കിട്ടിയെ
ന്ന് അദ്ദേഹം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, 5000 കോടിയുടെ ബൃഹദ് പദ്ധതികളിൽനിന്നു പിൻമാറുന്നതായും 100 കോടിയുടെ മത്സ്യസംസ്കരണ പദ്ധതി മാത്രം നടപ്പാക്കുമെന്നും ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസ് അറിയിച്ചു.

സംസ്കരണ പദ്ധതിക്കായാണ് ഈ മാസം മൂന്നിനു വ്യവസായ വകുപ്പിനു കീഴിലെ കെഎസ്ഐഡിസി ചേർത്തല പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിൽ കമ്പനിക്കു 4 ഏക്കർ അനുവദിച്ചത്. ഭൂമിക്കു കമ്പനി അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ സ്ഥലമേറ്റെടുത്തിട്ടില്ലെന്നുമാണു മുഖ്യമന്ത്രി പറയുന്നത്. എന്നാൽ  ഏക്കറിന് 1.37 കോടി രൂപ വീതം നൽകി പാട്ടത്തിനു ഭൂമി അനുവദിക്കാമെന്ന് അറിയിച്ചതായി മന്ത്രി ഇ പി ജയരാജൻ പറയുന്നു.

അലോട്മെന്റ് ലെറ്റർ കിട്ടിയതായും തുടർനടപടികൾ സ്വീകരിക്കാനിരിക്കുകയാണെന്നും കമ്പനി പ്രസിഡന്റ് ഷിജു വർഗീസും അറിയിച്ചു.

By Divya