ദോഹ:
കൊവിഡ് കാലത്ത് എടുത്ത ടിക്കറ്റുകളുടെ കാര്യത്തിൽ പ്രവാസികളെ പിഴിയുന്ന എയർഇന്ത്യയുടെ നിലപാടിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നു. കൊവിഡ് പ്രതിസന്ധിയിൽ വിമാനയാത്ര സാധ്യമാകാതിരുന്നവർക്ക് ടിക്കറ്റിൻ്റെ തുക പൂർണ്ണമായും മടക്കി നൽകണമെന്നും സുപ്രീംകോടതി വിധി ഉണ്ടായിട്ടും ഇതിനു തയ്യാറാകാത്ത എയർഇന്ത്യയുടെ നിലപാട് കോടതിവിധിക്ക് എതിരാണെന്നും അഭിപ്രായമുയരുന്നു.
എയർ ഇന്ത്യയുടെ സമീപനത്തിനെതിരെ ഇതിനകം കേന്ദ്രസംസ്ഥാന സർക്കാറുകൾ, ദോഹയിലെ ഇന്ത്യൻ എംബസി, നോർക്ക റൂട്സ് തുടങ്ങിയവർക്ക് വ്യക്തികളും സംഘടനകളും പരാതികൾ നൽകി. ടിക്കറ്റ് ബുക്ക് ചെയ്തവരോട് തുക മടക്കി നൽകാനാവില്ലെന്നാണ് അധികൃതർ പറയുന്നത്. സർവ്വീസ് ചാർജ് ഈടാക്കാതെ യാത്രാതീയ്യതി മാറ്റി നൽകാൻ മാത്രമേ കഴിയൂ എന്നാണ് നിലപാട്.
ഇത്തരത്തിൽ മാറ്റിയെടുക്കുന്ന ദിവസത്തിലെ ടിക്കറ്റ് നിരക്ക് അധികമാണെങ്കിൽ ആ തുക യാത്രക്കാർ വഹിക്കണം. എന്നാൽ, കുറവാണെങ്കിൽ ആ തുക യാത്രക്കാർക്ക് തിരിച്ചുനൽകില്ലെന്നു വിചിത്രവാദവും ഉന്നയിക്കുന്നു.