Mon. Dec 23rd, 2024
തിരുവനന്തപുരം:

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായാല്‍ സന്തോഷമെന്ന ഇ ശ്രീധരന്‍റെ പ്രസ്താവന ആയുധമാക്കി സിപിഎം. യുഡിഎഫ് സര്‍ക്കാരിനെവച്ച് പിന്‍സീറ്റ് ഭരണം നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ബിജെപി ബന്ധമെന്ന ആരോപണം വീണ്ടും ഉന്നയിക്കാനുള്ള അവസരമാക്കി ശ്രീധരന്‍റെ പ്രസ്താവനയെ മാറ്റിയിരിക്കുകയാണ് സിപിഎം.

ഇ ശ്രീധരനുമായി കോണ്‍ഗ്രസിന് ബന്ധമൊന്നുമില്ലെങ്കിലും അദ്ദേഹത്തിന്‍റെ വാക്കുകള്‍ വീണുകിട്ടിയ ആയുധമാക്കുകയാണ് സിപിഎം. പഴയ കോലീബി ആരോപണം വീണ്ടും ഉന്നയിക്കുന്നതിനും സിപിഎമ്മിന് വഴിയൊരുങ്ങി. കേരളത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ബിജെപിക്ക് പ്രശ്നമില്ലെന്നും കൈപ്പത്തിയില്‍ താമര വിരിയിക്കാമെന്ന് അവര്‍ക്കറിയാമെന്നും കോടിയേരി ആരോപിച്ചു.

വലതുപക്ഷ ശക്തികള്‍ സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഒരുമിക്കുന്നതിന് കാരണമുണ്ട്. തദ്ദേശ ഭരണ സ്ഥാപനത്തിന്റെ കണക്കുപ്രകാരം കേരളത്തിൽ 99 അസംബ്ലി മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിനാണ് ഭൂരിപക്ഷം ലഭിച്ചത്. 41 ഇടത്താണ് യുഡിഎഫിന് ഭൂരിപക്ഷം. 11 ജില്ലകളിൽ എൽഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇത് വളരെ കാലത്തിന് ശേഷമാണ്. കോടിയേരി പറഞ്ഞു.

ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ തീവ്രമെന്ന എ വിജയരാഘവന്‍റെ പ്രസ്തവന സൃഷ്ടിച്ച ക്ഷീണം മറികടക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും വിലയിരുത്തപ്പെടുന്നു.

By Divya