Sun. Jan 19th, 2025
കൊല്ലം:

കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടതായി ആരോപണം. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ പോയി ചർച്ച നടത്തിയെന്നും ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം എന്ന കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചെന്നുമാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. 400 ട്രോളറുകൾക്കും 5 കപ്പലുകൾക്കുമാണ് അനുമതി നൽകുന്നത്.

തുടർനടപടികൾക്കായി വ്യവസായമന്ത്രി ഇപിജയരാജനു കമ്പനി അയച്ച കത്തിന്റെ പകർപ്പും പുറത്തുവിട്ടു. സ്പ്രിൻക്ലർ, ഇ – മൊബിലിറ്റി ഇടപാടുകളെക്കാൾ ഗുരുതര സ്വഭാവമുള്ളതാണു പദ്ധതിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മത്സ്യനയത്തിൽ സർക്കാർ വരുത്തിയ മാറ്റം കമ്പനിയെ സഹായിക്കും വിധമാണെന്നും ആരോപണമുണ്ട്.

ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം പ്രസിഡന്റ് അങ്കമാലി സ്വദേശി ഷിജു വർഗീസാണ്. ഹോസ്പിറ്റാലിറ്റി, ടൂറിസം, റിയൽ എസ്റ്റേറ്റ് പദ്ധതികളിലാണു മുൻപരിചയം. കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കാൻ 10 ലക്ഷം രൂപ മൂലധനത്തിൽ ഷിജു വർഗീസ് പ്രസിഡന്റായി ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉപകമ്പനി 2 വർഷം മുൻപു രൂപീകരിച്ചു.

സഹോദരൻ ഷിബുവും അമ്മയും സഹോദരിയുമാണു ഡയറക്ടർമാർ. ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയത്തിൽ മന്ത്രിസഭ ചർച്ച ചെയ്യാതെയാണു ധാരണാപത്രമെന്നും ആഗോള ടെൻഡർ വിളിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

മന്ത്രി മേഴ്സിക്കുട്ടിയമ്മയെ ന്യൂയോർക്കിൽ കണ്ടിരുന്നുവെന്ന് ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് ഏബ്രഹാം അറിയിച്ചു. പദ്ധതി പ്രയോജനമുള്ളതാണെങ്കിൽ നടപ്പാക്കാമെന്നും നാട്ടിൽ ചർച്ച നടത്താമെന്നുമാണു മന്ത്രി പറഞ്ഞതത്രെ.

By Divya