Sat. Dec 28th, 2024
തിരുവനന്തപുരം:

സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോൾഡർമാരുമായി ചർച്ചയ്ക്കില്ലെന്ന സർക്കാരിൻ്റെ കടുംപിടിത്തം തിരുത്തി സിപിഎം. സമരക്കാരുമായി ഉദ്യോഗസ്ഥതല ചർച്ച നടത്താൻ സിപിഎം സെക്രട്ടേറിയറ്റ് സർക്കാരിനോടു നിർദേശിച്ചു. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കാൻ സാധ്യതയില്ല.

ലാസ്റ്റ് ഗ്രേഡ് സെർവന്റ് ഉദ്യോഗാർത്ഥികളുടെ പ്രതിനിധികൾ, സമരത്തിനു പിന്തുണയുമായി 48 മണിക്കൂർ ഉപവാസമിരുന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രനൊപ്പം ഇന്നലെ ഉച്ചയ്ക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു പ്രശ്നങ്ങൾ അവതരിപ്പിച്ചിരുന്നു. സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതിനു പിന്നാലെയാണു സിപിഎമ്മും സമാന നിലപാടു പ്രഖ്യാപിച്ചത്. 20 മിനിറ്റ് നേരം ഗവർണർ ഉദ്യോഗാർത്ഥികളിൽനിന്നു വിവരങ്ങൾ തേടി.

സമര രംഗത്തുള്ള ഉദ്യോഗാർത്ഥികൾ പാർട്ടി തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും ചർച്ചയ്ക്കായുള്ള ഒരു നീക്കവും രാത്രി വരെ സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായില്ല. മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചർച്ചയ്ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ.

സമരങ്ങൾക്കു പിന്തുണയേറുന്നതും പ്രതിപക്ഷത്തിന് അത് ആയുധമാകുന്നതുമാണു സർക്കാരിനെ തിരുത്താൻ പാർട്ടിക്കു പ്രേരണയായത്. ചർച്ചയുടെ അടിസ്ഥാനത്തിൽ പരിഹരിക്കാവുന്ന കാര്യങ്ങൾ തീർക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പിൻവാതിൽ നിയമന കാര്യത്തിൽ പിന്നോട്ടില്ലെന്നു തീരുമാനിച്ച ശേഷം സ്ഥിരപ്പെടുത്തലിൽനിന്നു പിൻവാങ്ങേണ്ടി വന്ന സർക്കാർ ഇപ്പോൾ ഉദ്യോഗാർത്ഥികളോടുള്ള മനോഭാവം മാറ്റാനും നിർബന്ധിതമായിരിക്കുകയാണ്. വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ചർച്ചയ്ക്കു സന്നദ്ധമാണെന്നും യോഗത്തിനു ശേഷം പുറത്തിറങ്ങിയ മന്ത്രി ഇപിജയരാജൻ പ്രതികരിച്ചു.

By Divya