ന്യൂഡൽഹി:
കഴിഞ്ഞ വര്‍ഷം സംഭവിച്ച ഗൽവാൻ താഴ്വരയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ചൈന പുറത്തുവിട്ട ദൃശ്യങ്ങളോട് തല്ക്കാലം പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സംഘർഷം ഉണ്ടാക്കിയത് ഇന്ത്യൻ സൈനികരെന്ന് വരുത്തുന്ന വിഡിയോ ആണ് ചൈന പുറത്തുവിട്ടത്. നാളെ കമാൻഡർതല ചർച്ച നടക്കാനിരിക്കെയാണ് ചൈനയുടെ പ്രകോപനം.
എട്ടു മാസങ്ങൾക്കു ശേഷമാണ് ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിടുന്നത്. കഴിഞ്ഞ ജൂണിലുണ്ടായ സംഘര്‍ഷത്തിന്റെ വിഡിയോ ആണ് ചൈനീസ് മാധ്യമമായ ഷെയ്ന് ഷിവേയില്‍ പ്രത്യക്ഷപ്പെട്ടത്. സൈനികര്‍ കൊല്ലപ്പെട്ടെന്ന് ആദ്യമായി ചൈന സമ്മതിച്ചതിന് പിന്നാലെയാണ് സംഘർഷത്തിന്‍റെ വിഡിയോ പുറത്തുവരുന്നത്.
സംഘര്‍ഷമുണ്ടായി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് റെജിമെന്‍റല്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയിട്ടില്ലെന്നും ഗൽവാൻ സംഘർഷത്തിൽ കുറഞ്ഞത് 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും വടക്കൻ മേഖലാ സൈനിക കമാൻഡ് ജനറൽ ഓഫീസറും കമാൻഡിങ് ഇൻ ചീഫുമായ ലഫ്. ജനറൽ വൈ കെ ജോഷി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തിലാണ് ചൈന ഇന്ന് ദൃശ്യങ്ങൾ പുറത്തുവിട്ടതും സൈനികർ കൊല്ലപ്പെട്ടെന്നു സമ്മതിച്ചും രംഗത്തെത്തിയത്.