കുവൈറ്റ് സിറ്റി:
കുവൈറ്റ് പാർലമെൻറ് യോഗം അമീർ പ്രത്യേക ഉത്തരവിലൂടെ മരവിപ്പിച്ചു. ഭരണഘടനയുടെ 106ാംആർട്ടിക്കിൽ ഉപയോഗിച്ചാണ് ഫെബ്രുവരി 18 മുതൽ ഒരുമാസത്തേക്ക് മരവിപ്പിച്ചത്. ഒരു മാസം വരെ പാർലമെൻറ് യോഗം നിർത്തിവെക്കാൻ അമീറിന് അധികാരം നൽകുന്നതാണ് ഈ ചട്ടം.
ഒരു സെഷനിൽ ഒരു തവണ മാത്രമാണ് ഇങ്ങനെ മരവിപ്പിക്കാൻ കഴിയുക.സഭ രാജിവെക്കുകയും പുതിയ മന്ത്രിസഭ രൂപവത്കരണം വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സൂചന. പാർലമെൻറും സർക്കാറും തമ്മിലുള്ള ഭിന്നതയാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്.
ചില മന്ത്രിമാരെ തുടരാൻ അനുവദിക്കില്ലെന്ന് എംപിമാർ പറയുന്നു. ഭൂരിഭാഗം എംപിമാരുടെ പിന്തുണ അവർക്കുണ്ടെന്നാണ് അവകാശവാദം. അതുകൊണ്ടുതന്നെ എംപിമാരുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ സർക്കാറിന് മുന്നോട്ടുപോകാനാവില്ല.