ജിദ്ദ:
കൊവിഡ് പ്രതിരോധ വാക്സിൻ രണ്ടാംഘട്ട കുത്തിവെപ്പ് ആരംഭിച്ചതായി ആരോഗ്യ മന്ത്രി ഡോ തൗഫീഖ് അൽറബീഅ അറിയിച്ചു. രാജ്യത്തെ എല്ലാ മേഖലകളിലും വാക്സിനുകൾ നൽകി തുടങ്ങി. വാക്സിൻ ലഭിക്കുന്നതിന് എല്ലാവരും ‘സിഹ്വത്ത്’ ആപ്പിൽ പേര് രജിസ്റ്റർ ചെയ്യാൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാംഘട്ടത്തിൽ നിശ്ചിത വിഭാഗത്തിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. ആദ്യമാദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകും.രാജ്യത്തെ എല്ലാ മേഖലകളിലും കൊവിഡ് വാക്സിൻ രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പ് വ്യാഴാഴ്ച ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സിഹ്വത്ത് ആപ്പിലൂടെ വാക്സിൻ കേന്ദ്രങ്ങളുടെ സ്ഥാനമറിയാനും ബുക്ക് ചെയ്യാനും സാധിക്കും.കഴിഞ്ഞ ഡിസംബർ 17 നാണ് സൗദിയിൽ വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്. രാജ്യത്തെ കൂടുതൽ മേഖലകളിൽ വ്യാഴാഴ്ച കൊവിഡ് പ്രതിരോധ വാക്സിനേഷൻ സെൻററുകൾ ആരംഭിച്ചു.
അൽഅഹ്സ, ജീസാൻ, അസീർ, ഹാഇൽ, ഖസീം തുടങ്ങിയ മേഖലയിലാണ് പുതുതായി കേന്ദ്രങ്ങൾ തുറന്നത്.