കുവൈറ്റ് സിറ്റി:
കുവൈറ്റിൽ കൂടുതൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറന്നതോടെ പ്രതിദിന കുത്തിവെപ്പ് തോതിൽ കുതിപ്പ്. 15,000 മുതൽ 20,000 പേർക്ക് വരെ ഒരുദിവസം വാക്സിൻ നൽകുന്നു.
ഇതുവരെ കുത്തിവെപ്പെടുത്തവരുടെ എണ്ണം ഒന്നര ലക്ഷമായി. 15 കുത്തിവെപ്പ് കേന്ദ്രങ്ങളാണ് ഒരാഴ്ചക്കിടെ കുവൈത്ത് ആരോഗ്യ മന്ത്രാലയം തുറന്നത്. നേരത്തേ മിശ്രിഫ് അന്താരാഷ്ട്ര എക്സിബിഷൻ സെൻററിൽ മാത്രമായിരുന്നു. കൂടുതൽ കേന്ദ്രങ്ങൾ തുറക്കാൻ മന്ത്രാലയം സജ്ജമായിരുന്നെങ്കിലും വാക്സിൻ ലഭ്യതക്കുറവായിരുന്നു തടസ്സം. ഇപ്പോൾ കൂടുതൽ ഡോസ് എത്തിയതോടെ ആ തടസ്സം നീങ്ങി.
എല്ലാ ആഴ്ചയും വാക്സിൻ ഷിപ്മെൻറ് നടത്താമെന്ന് ഫൈസർ, ബയോൺടെക് കമ്പനി സമ്മതിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം 30 ലക്ഷം ഡോസ് വാക്സിൻ ലഭ്യമാക്കാമെന്ന് ഓക്സ്ഫഡ്, ആസ്ട്രസെനക കമ്പനിയും സമ്മതിച്ചതായാണ് വിവരം.