കൊല്‍ക്കത്ത:
പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിനെതിരായ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊതുല്‍പൂര്‍ സ്വദേശി മൈദുല്‍ ഇസ്‌ലാം മിദ്ദയാണ് ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് മരിച്ചത്.ദക്ഷിണ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ നാല് ദിവസമായി തീവ്രപരിചരണവിഭാഗത്തിലായിരുന്നു മൈദുല്‍.
അമിതമായ രക്തസ്രാവമാണ് മൈദുലിന്റെ മരണകാരണമായതെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. തൃണമൂല്‍ സര്‍ക്കാരാണ് മൈദുലിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് സിപിഐഎം ആരോപിച്ചു.വിദ്യാര്‍ത്ഥികളേയും യുവാക്കളേയും പൊലീസ് നേരിടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ മനസിലാകും ഈ സര്‍ക്കാര്‍ എത്രത്തോളം ഭയപ്പെടുന്നുവെന്ന്.
ഇത് കൊലപാതകമല്ലാതെ മറ്റൊന്നുമല്ല സിപിഐഎം നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.
പൊലീസ് അതിക്രമത്തെ തുടര്‍ന്ന് മൈദുല്‍ കൊലപ്പെട്ട സംഭവത്തില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പ്രതിഷേധത്തിനാഹ്വാനം ചെയ്തു.