കുവൈത്ത് സിറ്റി:
അനധികൃത ഭക്ഷണ വിതരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് റസ്റ്റാറൻറ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത്.ഫ്ലാറ്റുകളിലും കെട്ടിടങ്ങളുടെ അണ്ടർ ഗ്രൗണ്ടിലും അനധികൃതമായി ഭക്ഷണം തയാറാക്കി വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പരസ്യം ചെയ്ത് ഹോം ഡെലിവറി സംവിധാനത്തിലൂടെ വിതരണം ചെയ്യുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്. നിയമാനുസൃതം പ്രവർത്തിക്കുന്ന റസ്റ്റാറൻറുകളുടെ നിലനിൽപിന് ഇവ ഭീഷണിയാണ്.
ലൈസൻസ്, വാടക, സ്പോൺസർ ഫീസ് ചെലവുകൾ ഇല്ലാത്തതിനാൽ ഇവർക്ക് ചെലവ് കുറവാണ്. അധികൃതരുടെ പരിശോധനക്ക് വിധേയമായി കൃത്യമായ ശുചിത്വ മാനദണ്ഡങ്ങളോടെയും പുതിയ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചും ഭക്ഷണ സാധനങ്ങൾ തയാറാക്കി വിൽക്കുന്ന നൂറുകണക്കിന് റസ്റ്റാറൻറുകൾ പ്രതിസന്ധിയിലാണ്. അനധികൃത കേന്ദ്രങ്ങളുടെ ശുചിത്വവും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരവും കാലപ്പഴക്കവും പരിശോധിക്കാൻ സംവിധാനമില്ല.
രാജ്യത്തെ നിയമ സംവിധാനങ്ങൾക്ക് എതിരായ ഇത്തരം അനധികൃത വ്യാപാരം നിയന്ത്രിക്കണമെന്ന് റസ്റ്റാറൻറ് ഒാണേഴ്സ് അസോസിയേഷൻ കുവൈത്ത് അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ വൈസ് ചെയർമാൻ അബു കോട്ടയിൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് എം.സി. നാസർ പയ്യോളി ഉദ്ഘാടനം ചെയ്തു.