മസ്കറ്റ്:
ഒമാനിലേക്ക് വരുന്നവർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റെൻ വേണമെന്ന സുപ്രീം കമ്മിറ്റി നിർദേശം
തിങ്കളാഴ്ച ഉച്ചക്ക് മുതൽ നടപ്പിലാകും. സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി വ്യാഴാഴ്ച വൈകുന്നേരം പുറത്തുവിട്ട സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികൾക്കും തൊഴിൽ, സന്ദർശക വിസയിലുള്ള വിദേശികൾക്കും ഇൗ നിയമം ബാധകമാണ്.
ഏഴ് രാത്രിയിലേക്കാണ് ഹോട്ടൽ ബുക്കിങ് നടത്തേണ്ടത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ബുക്കിങ് ഉറപ്പാക്കണം. ഹോട്ടൽ ബുക്കിങ് ഉറപ്പുവരുത്തിയ ശേഷമാണ് ബോർഡിങ് അനുവദിക്കാൻ പാടുള്ളൂവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന കമ്പനികൾക്ക് നിർദേശം നൽകി. യാത്രക്കാർക്ക് ഏത് ഹോട്ടലുകളിലും മുറി ബുക്ക് ചെയ്യാവുന്നതാണ്. ഹോട്ടലുകളിലെ നിർബന്ധിത ക്വാറന്റെൻ നിലവിൽ വരുന്നതോടെ ഒമാനിലേക്കുള്ള യാത്രക്ക് ചെലേവറും. ഒരാഴ്ചത്തേക്ക് താമസവും ഭക്ഷണവുമടക്കം നൂറ് റിയാലിൽ അധികം ചെലവ് വരും.