യാങ്കൂൺ:
പട്ടാള ഭരണത്തിനെതിരെ മ്യാൻമറിൽ ശക്തിപ്രാപിക്കുന്ന ജനകീയ പ്രക്ഷോഭം നേരിടാൻ പൊലീസ് രംഗത്ത്. നിരോധനം ലംഘിച്ചു തെരുവിലിറങ്ങിയ പ്രക്ഷോഭകർക്കു നേരെ പൊലീസ് ജലപീരങ്കിയും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. തലസ്ഥാനഗരമായ നയ്‌പിഡോയിൽ റബർ ബുള്ളറ്റ് ഏറ്റു 4 പേർക്കു പരുക്കേറ്റു.
ഒരു സ്ത്രീയുടെ നില ഗുരുതരം. മൻഡാലെ നഗരത്തിൽ 27 പേർ അറസ്റ്റിലായി.ഫെബ്രുവരി ഒന്നിനാണു ഓങ് സാൻ സൂ ചിയുടെ സർക്കാരിനെ അട്ടിമറിച്ചു പട്ടാളം ഭരണം പിടിച്ചത്. കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ചായിരുന്നു അട്ടിമറി.
പുതിയ തിരഞ്ഞെടുപ്പു നടത്തിയശേഷം വിജയികൾക്ക് അധികാരം കൈമാറുമെന്ന് കഴിഞ്ഞ ദിവസം ടിവി പ്രസംഗത്തിൽ പട്ടാള ഭരണാധികാരി ജനറൽ മിൻ ഓങ് ലെയ്ങ് പറഞ്ഞെങ്കിലും തീയതി വ്യക്തമാക്കിയില്ല.
മ്യാൻമറിലെങ്ങും പ്രകടനങ്ങൾക്കു വിലക്കുണ്ട്. യാങ്കൂണിലും മൻഡാലെയിലും രാവിലെ 4 മുതൽ വൈകിട്ട് 8 വരെ നിരോധനാജ്ഞ തുടരുന്നു. ഇതു ലംഘിച്ചാണ് നാലാം ദിവസവും ആയിരങ്ങൾ തെരുവിലിറങ്ങിയത്.
രാജ്യാന്തരതലത്തിൽ പട്ടാള ഭരണകൂടത്തിനെതിരെ സമ്മർദം ശക്തമാകുന്നതിനിടെ, മ്യാൻമറുമായുള്ള ഉന്നത ബന്ധങ്ങൾ അവസാനിപ്പിച്ചതായി ന്യൂസീലൻഡ് പ്രഖ്യാപിച്ചു. പട്ടാള നേതാക്കൾക്കു യാത്രാവിലക്കും ഏർപ്പെടുത്തി.
പട്ടാളഭരണം പിൻവലിക്കാനാവശ്യമായ സമ്മർദം ചെലുത്താൻ ഏഷ്യയിലെ രാഷ്ട്രനേതാക്കളോട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.