കയ്റോ:
ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ ചാനൽ ശൃംഖലയോടുള്ള രാഷ്ട്രീയവിരോധം മൂലം ഈജിപ്ത് അധികൃതർ 4 വർഷം മുൻപ് അറസ്റ്റ് ചെയ്ത മുതിർന്ന റിപ്പോർട്ടർ മഹ്മൂദ് ഹുസൈൻ ജയിൽ മോചിതനായി. ഗൾഫ് ഉച്ചകോടിക്കു ശേഷം ഈജിപ്ത്, സൗദി, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഖത്തറുമായി ബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് ഹുസൈന്റെ മോചനം.
2016 ഡിസംബറിൽ ദോഹയിലുള്ള കുടുംബത്തെ കണ്ട ശേഷം തിരികെ കയ്റോയിൽ വിമാനമിറങ്ങിയപ്പോഴാണ് അൽ ജസീറ അറബിക് വിഭാഗം റിപ്പോർട്ടറും ഈജിപ്ത് പൗരനുമായ ഹുസൈനെ 54 അറസ്റ്റ് ചെയ്തത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്നും വിദേശ സഹായത്തോടെ ഈജിപ്തിനെതിരെ പ്രവർത്തിക്കുന്നെന്നുമായിരുന്നു ആരോപണം.
മാധ്യമപ്രവർത്തകന്റെ മോചനത്തിനായി അൽ ജസീറ രാജ്യാന്തര ക്യാംപെയ്നു തുടക്കമിട്ടിരുന്നു. നിരോധിത സംഘടനയായ മുസ്‍ലിം ബ്രദർഹുഡിനോടുള്ള ചാനലിന്റെ അനുകൂല സമീപനമാണ് ഈജിപ്തിന്റെ ശത്രുതയ്ക്കു കാരണമായത്.