Wed. Jan 22nd, 2025
car idukki fire

കുഞ്ചിത്തണ്ണി:

വഴിയരികിൽ നിന്ന നാലുപേരെ ഇടിച്ചിട്ട കാർ രാത്രിയിൽ അജ്ഞാതർ കത്തിച്ചു. ഇടുക്കിയിലാണ് സംഭവം. കുഞ്ചിത്തണ്ണി ഇരുപതേക്കർ നെല്ലിക്കാട്ടിൽ  റോഡരികിൽനിന്ന നാലുപേരെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് നെല്ലിക്കാട് സ്വദേശികളായ കുന്നുംപുറത്ത് അജി, നിത്യ, ആർ കണ്ണൻ, മൂലക്കട സ്വദേശി വാഴയിൽ സുധാകരൻ  എന്നിവരെ കാറിടിച്ചത്. അടിമാലിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് ഇവരിപ്പോള്‍.

അപകടത്തെ തുടർന്ന് ഏലത്തോട്ടത്തിൽ കിടന്ന കാർ രാത്രിയിലാണ് ആരോ തീയിട്ടുനശിപ്പിക്കുകയായിരുന്നു.

https://www.youtube.com/watch?v=b2XaNVYNl3U

നെല്ലിക്കാട് സ്വദേശി മണിയുടെ കാറാണ് ഇവരെ ഇടിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. വടിവാളും വെട്ടുകത്തിയും വാഹനത്തിൽനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. അപകടം നടക്കുമ്പോൾ മണിയാണ് വാഹനം ഓടിച്ചിരുന്നത്. മണിയും പരിക്കേറ്റ അജിയും തമ്മിൽ മുൻപും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

മനഃപൂർവം കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്ന് പരിക്കേറ്റവര്‍ മൊഴി നല്‍കിയതിനാല്‍ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് മണിക്കെതിരെ കേസ് എടുത്തത്. വാഹനം കത്തിച്ച സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam