തിരുവനന്തപുരം:
സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞു കൊവിഡ് എല്ലാം പോയി എന്ന് കരുതാതെ നിർദേശങ്ങൾ ശരിയായി പാലിക്കണമെന്നും ആരോഗ്യമന്ത്രി ഓർമ്മപ്പെടുത്തി.
ലക്ഷണം ഉള്ളവര്‍ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കൊവിഡിന്റെ ഗ്രാഫ് വീണ്ടും ഉയരും എന്ന ഭയം ഉണ്ട്. അവിടവിടെയായി കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം വൻതോതിൽ വർധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
വളരെ അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങുക. കാരണം രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ അത് വലിയ തോതിൽ പകരും. ക്രമാതീതമായി കേസുകൾ കൂടിയാൽ ആശുപത്രികൾ ബുദ്ധിമുട്ടിലാകുമെന്നും ചികിത്സാ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും കെ കെ ശൈലജ പറഞ്ഞു.
ഓരോ വ്യക്തിയും സെൽഫ് ലോക്ക്ഡൗൺ പ്രഖ്യാപിക്കണം. ഷോപ്പിങ്ങിന് കുട്ടികളെയെല്ലാം കൂട്ടിപ്പോകുക, വിവാഹാഘോഷങ്ങളിൽ വലിയ പങ്കാളിത്തമുണ്ടാക്കുക, ഉത്സവാഘോഷങ്ങൾക്ക് കൂട്ടത്തോടെ പങ്കെടുക്കുക ഇതിനൊന്നും സമയമായിട്ടില്ല. ഒരു വാക്സിൻ വരുന്നത് വരെ ക്ഷമിച്ചേ മതിയാകൂവെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.
https://www.youtube.com/watch?v=1roU3kZCz2Q