Reading Time: 2 minutes

തിരുവനന്തപുരം

കേന്ദ്രാന്വേഷണ ഏജന്‍സികളുടെ വഴിവിട്ട നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്കു കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൽ മേയാൻ കേന്ദ്ര ഏജൻസികൾക്കു കഴിയില്ല. അത് ഇവിടുത്തെ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്. വീഴ്ചകള്‍ ഉചിതമായ ഘട്ടത്തില്‍ കണ്ടെത്താൻ കേരളത്തിൽ സംവിധാനമുണ്ട്. അതു തകർക്കാനാണ് ഏജൻസികൾ നോക്കുന്നത്.

കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കു തിരഞ്ഞെടുപ്പിൽ സഹായം നൽകുകയല്ല ഏജൻസികൾ ചെയ്യേണ്ടത്. പ്രധാനമന്ത്രി ഭരണഘടനാസ്ഥാപനമാണ്. ഇത്തരം വഴിവിട്ട നീക്കങ്ങളെ സംരക്ഷിക്കുകയല്ല, നിയന്ത്രിക്കുകയാണ് അദ്ദേഹത്തിന്‍റെ ബാധ്യതയെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെറ്റു ചെയ്തവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തില്‍ സര്‍ക്കാരിന് യാതൊരു യാതൊരു മുന്‍വിധികളുമുണ്ടായിട്ടില്ല. അന്വേഷണം നടത്തുന്ന കേന്ദ്രഏജന്‍സികള്‍ക്കുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത് ഇതിന്‍റെ അടിസ്ഥാനത്തിലാണ്.

എന്നാല്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ പ്രതികൾ രക്ഷപ്പെടാന്‍ ശ്രമിച്ചാലും കുഴപ്പമില്ല, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ എങ്ങനെ കരിനിഴലില്‍ നിര്‍ത്താമെന്നാന്നാണ് ഇന്നത്തെ അന്വേഷണ രീതി. മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ  രഹസ്യമൊഴിയെന്ന പേരില്‍ ചില കാര്യങ്ങള്‍  ചില രാഷ്ട്രീയ നേതാക്കള്‍ പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയൊക്കെ മൊഴിയെടുക്കുമെന്നും ഈ നേതാക്കള്‍ തന്നെയാണ് പ്രഖ്യാപിക്കുന്നത്.

ഒരു ഏജൻസിക്കും തോന്നിയതു പോലെ പ്രവർത്തിക്കാൻ കഴിയില്ല. വ്യവസ്ഥാപിത മാർഗത്തിലൂടെയേ പ്രവർത്തിക്കാനാകൂ. നിയമാനുസൃത ഉത്തരവാദിത്തങ്ങളാണ് ഏജൻസികൾ നിറവേറ്റേണ്ടത്. എന്നാൽ, അതിനു വിരുദ്ധമായി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്.

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ ആശങ്കയില്ലെന്നും മുഖ്യമന്ത്രി. രവീന്ദ്രന് ഭയപ്പാടുണ്ടെന്നു തോന്നുന്നില്ല. കൊവിഡ് വന്നാല്‍ കരുതലെടുക്കണം. അദ്ദേഹം തെളിവു കൊടുക്കാന്‍ പോകും, അതു വെച്ച് അദ്ദേഹത്തെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പൂര്‍ണ വിശ്വാസമുണ്ട്.

സര്‍ക്കാര്‍ പദ്ധതികള്‍ പരാജയപ്പെടണമെന്നാണ് ചിലരുടെ താത്പര്യം. അധികാരത്തില്‍ വന്നാല്‍ ലൈഫ് പദ്ധതി നിര്‍ത്തലാക്കുമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഗൗരവത്തോടെയാണ് കാണുന്നത്. നാലര വർഷമായി അഴിമതിയുടെ ഒരു കറുത്ത പാടുപോലും സംസ്ഥാന സർക്കാരിനു മേൽ ആരോപിക്കാൻ കഴിയാതിരുന്നവർ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആരോപണങ്ങളുടെ ആരവവുമായി വരുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമല്ലെന്ന ആരോപണം അദ്ദേഹം തള്ളി. താന്‍ ജനങ്ങളുമായി അകന്നിട്ടില്ല.  കൊവിഡ് കാലമായതിനാലാണ് പ്രചാരണയോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത്. ഓണ്‍ലൈനില്‍ കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് നല്ലത്. അത്തരം യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement