Wed. Nov 6th, 2024
Ramesh chennithala against Speaker

 

തിരുവനന്തപുരം:

സ്പീക്കർ പി ശ്രീരാമക‍ൃഷ്ണൻ കോടികള്‍ ധൂര്‍ത്തടിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടി വിയുമെല്ലാം ധൂർത്തിന്റെയും അഴിമതിയുടേയും ഉദാഹരണമായി ചെന്നിത്തല ചൂണ്ടിക്കാട്ടി. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ആരോപണങ്ങൾ. 

2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചിലവാക്കിയത് 1.84 കോടി രൂപയാണ്.  ടെണ്ടർ ഇല്ലാതെയാണ് പണി ഊരാളുങ്കലിനെ ഏൽപ്പിച്ചതെന്നും ചെന്നിത്തല. നിയമസഭ  കടലാസ് രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയിയുടെ പേരിലും വന്‍ ധൂര്‍ത്താണ് നടന്നതെന്നാണ് ആരോപണം. 52.31 കോടി രൂപയുടെ പദ്ധതിയും ടെണ്ടര്‍ ഇല്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നൽകി. വെള്ളം ഒഴുക്കുന്നത് പോലെ പണം ഒഴുക്കുന്നു എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സ്പീക്കർ കളങ്കിതനാകുന്നത് കേരളത്തെ ഞെട്ടിക്കുന്നുവെന്നും സ്പീക്കര്‍ക്ക് ആ പദവിയിൽ അധികകാലം പിടിച്ച് നിൽക്കാനാകില്ലെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സ്പീക്കറുടേത് പദവി മറന്നുള്ള ഇടപെടലുകളാണെന്നും തെളിവുകൾ ഓരോന്നായി പുറത്തുവരികയാണെന്നും വ്യക്തമാക്കി.

അതേസമയം സ്പീക്കർ പ്രവർത്തിക്കുന്നത് നിയമവിധേയമായിട്ടാണെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. 

https://www.youtube.com/watch?v=2xFNtllMTtk

 

 

By Athira Sreekumar

Digital Journalist at Woke Malayalam