Wed. Jan 22nd, 2025
farmers rejected new proposal by central government
ഡൽഹി:

സമരക്കാരെ അനുനയിപ്പിക്കാന്‍ കേന്ദ്രം രേഖാമൂലം എഴുതി നൽകിയ അഞ്ചിന ഫോർമുല കർഷകർ തള്ളി. താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് നൽകാമെന്നത് അടക്കമുള്ള അഞ്ച് ശുപാർശകളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്.

കഴിഞ്ഞ മൂന്നാം തീയതി മുന്നോട്ട് വെച്ച ശുപാർശകൾ തന്നെയാണ് കേന്ദ്രം ഇന്നും മുന്നോട്ട് വെച്ചത് അതിൽ ഒരെണ്ണം മാത്രമേ പുതുതായി കൊണ്ടുവന്നുള്ളു.

ആയതിനാൽ തന്നെ കേന്ദ്രത്തിന്റെ ഈ അഞ്ചിന ഫോർമുലയിൽ വഴങ്ങിയാൽ ഇപ്പോൾ നടക്കുന്ന വലിയ ജനകീയ മുന്നേറ്റം പരാജയപ്പെടുന്നതുപോലെ ആകുമെന്നും അതിനാൽ നിയമം തന്നെ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

ഈ സമരത്തിൽ പങ്കെടുക്കുന്ന അഞ്ഞൂറിലധികം കർഷക സംഘടനകളും സംയുക്ത സമരസമിതിയും ഒന്നിച്ചാണ്  ഈ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. സമരം കടുപ്പിക്കാനും കേന്ദ്ര സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനുമുള്ള നിലപാടിലേക്കാണ് കർഷക സംഘടനകൾ എത്തിയിരിക്കുന്നത്.

താങ്ങുവില നിലനിർത്തും, കരാർകൃഷി തർക്കങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കാം,  കാർഷികവിപണികളിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും, വിപണിക്ക് പുറത്തുള്ളവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തും  തുടങ്ങിയ ഉറപ്പുകളാണ് കേന്ദ്രം കര്‍ഷകര്‍ക്ക് നൽകിയത്.

അതേസമയം,കേന്ദ്രത്തിന് നല്കാൻ കഴിയുന്ന പരമാവധി വിട്ടുവീഴ്ചയാണിതെന്ന് നേരത്തെ തന്നെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതിനാൽ ഇനി നിയമഭേദഗതിയോ നിയമം പിൻവലിക്കാനുള്ള നടപടിയോ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല എന്ന് തന്നെ കരുതണം.

അപ്പോൾ സമരം പിൻവലിക്കാൻ കർഷകരും തയ്യാറാകില്ല. അങ്ങനെ എങ്കിൽ ഇത് കൂടുതൽ പ്രതിസന്ധിയിലേക്കാണ് പോകുന്നത്

സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകളെ നാളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ചർച്ചയിലൂടെ മാത്രമേ ഇനി പരിഹാരം കാണാൻ സാധിക്കുകയുള്ളു. എന്നാൽ നിയമം പിൻവലിക്കുമെന്ന് ഉറപ്പുണ്ടെങ്കിലേ ചർച്ചയിൽ പങ്കെടുക്കൂവെന്ന് കർഷകരുടെ നേതാവായ ബൽദേവ്  സിങ് സിർസ പറഞ്ഞു.

അതേസമയം,  ഇതിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഇന്നലെ നടത്തിയ നീക്കങ്ങള്‍ രാഷ്ട്രീയ  നാടകമായിരുന്നുവെന്ന് സമരസംഘടനകള്‍ പറഞ്ഞു.

https://www.youtube.com/watch?v=nkYaIrghWOU

 

By Arya MR