ഡൽഹി:
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കടുത്ത നിലപാടിൽ കർഷകരും ഭേദഗതി വരുത്താമെന്ന വാഗ്ദാനവുമായി കേന്ദ്ര സർക്കാരും നടത്തുന്ന ചർച്ച വിജ്ഞാന ഭവനിൽ പുരോഗമിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കുമോയെന്ന് ഒറ്റ വാക്കിൽ മറുപടി വേണമെന്നും ഇനി ഒരു ചർച്ചയ്ക്കില്ലെന്നും അടക്കം നിലപാട് കടുപ്പിച്ചിരിക്കുകയാണ് കർഷകർ.
അതേസമയം നാല് ഫോർമുലകളാണ് കേന്ദ്രം യോഗത്തിൽ മുന്നോട്ട് വെച്ചിരിക്കുന്നത്. കഴിഞ്ഞ യോഗത്തിൽ അംഗീകരിച്ച ആവശ്യങ്ങൾ കർഷകർക്ക് രേഖാമൂലം എഴുതി നൽകി. കേന്ദ്ര സർക്കാർ ഇതുവരെ അംഗീകരിച്ച കാര്യങ്ങൾ രേഖാമൂലം എഴുതി നൽകണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ചർച്ച അധികം നീട്ടേണ്ടതില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തിൽ സംഘടനകൾ ആവശ്യപ്പെട്ടു.
വ്യാപാരവുമായി ബന്ധപ്പെട്ട കേസുകൾക്ക് സിവിൽ കോടതികളെ സമീപിക്കാനുള്ള അനുമതിയുണ്ടാകും. കൂടാതെ കാർഷിക ചന്തകളിൽ സ്വകാര്യ മേഖലയ്ക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. കർഷകരുടെ മറ്റ് ആശങ്കകൾ പരിഹരിക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
അതേസമയം പ്രധാനമന്ത്രിയും കൃഷിമന്ത്രിയുമായി നടന്ന ചർച്ചയിൽ എന്ത് നിലപാടാണ് പ്രധാനമന്ത്രി വിശദീകരിച്ചതെന്ന് യോഗത്തിൽ അറിയിക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധി ആവശ്യപ്പെട്ടു. അതിനിടെ കേന്ദ്രസർക്കാരിനെതിരായ സമരവുമായി മധ്യപ്രദേശിൽ നിന്നുള്ള കർഷകർ ദില്ലി – ആഗ്ര ദേശീയപാത ഉപരോധിക്കുകയാണ്. ഹരിയാനയിലെ പൽവലിലാണ് ഉപരോധം. ദില്ലിക്ക് തിരിച്ച മറ്റൊരു സംഘം കർഷകരെ ഉത്തർപ്രദേശ് പൊലീസ് മഥുരയിൽ തടഞ്ഞു.
https://www.youtube.com/watch?v=l8JUwbjTndI