Wed. Jan 22nd, 2025
Farmers protest (Picture Credits: The Quint)

ന്യൂഡല്‍ഹി:

കര്‍ഷക സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതല്‍ ശക്തമാകുകയാണ്. ഇന്ന് കേന്ദ്ര സർക്കാർ കർഷകരുമായി വീണ്ടും ചർച്ച അല്‍പ്പസമയത്തിനകം തുടങ്ങും. കേന്ദ്രവുമായി നടത്തുന്ന ചർച്ചയിൽ 35 കർഷക സംഘടനകൾ പങ്കെടുക്കും.

സമരം തുടങ്ങിയതിന് ശേഷം ഇത് നാലം വട്ടമാണ് സർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തുന്നത്. സർക്കാർ മുന്നോട്ട് വച്ച ഉപാധികളെല്ലാം തള്ളിയ കർഷകർ നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനും കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർക്കണമെന്ന ആവശ്യവും കർഷകർ മുന്നോട്ട് വയ്ക്കുന്നുണ്ട്.

https://www.youtube.com/watch?v=0evJhT9tI2o

നിയമഭേദഗതികളിൽ ഉള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഇതിൽ ആരെല്ലാം വേണമെന്ന കാര്യം കർഷകസംഘടനാ നേതാക്കൾക്കും യൂണിയൻ നേതാക്കൾക്കും നിർദേശിക്കാമെന്നും കേന്ദ്രസർക്കാർ പറയുന്നു. എന്നാൽ കേന്ദ്രസർക്കാരിന്‍റെ ഈ നിർദേശം കർഷകസംഘടനകൾ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുന്നത്.

കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം കര്‍ഷകര്‍ കാര്‍ഷിക നിയമത്തിലെ പ്രശ്നങ്ങള്‍ എഴുതി നല്‍കിയിരുന്നു. എന്നാലെ മൂന്ന് നിയമങ്ങളും പൂര്‍ണമായും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലയെന്ന് കര്‍ഷക നേതാക്കളുടെ യോഗം ഇന്നലെ തീരുമാനിച്ചിരുന്നു.

ചർച്ചയ്ക്ക് മുന്നോടിയായി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കാണുമെന്നും സൂചനയുണ്ട്. നേരത്തേ നിശ്ചയിച്ചത് പ്രകാരം ഇന്നത്തെ കർഷകരുമായുള്ള ചർച്ചക്ക് മുന്നോടിയായാണ് സന്ദർശനം. കർഷകർക്കിടയിൽ വർധിച്ചുവരുന്ന പ്രതിഷേധം കണക്കിലെടുത്ത് അവരുടെ ആവശ്യം പരിഗണിക്കണമെന്ന് ഷായോട് ആവശ്യപ്പെടുമെന്ന് അമരീന്ദർ സിങ്ങ് പറഞ്ഞു.

ഇതിനിടെ കാർഷിക നിയമങ്ങൾക്കെതിരെ തുടരുന്ന മഹാപ്രക്ഷോഭത്തിൽ അണിചേർന്ന് ഗുജറാത്തിലെയും രാജസ്ഥാനിലെയും കർഷകർ. ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിൽ തുടരുന്ന പ്രക്ഷോഭത്തിൽ കർഷകർ പങ്കെടുക്കുകയാണ്. അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും സമരത്തിൽ അണിചേരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലുള്ള കർഷകരാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam