Sat. Apr 27th, 2024
Representational Image (Picture Credits: OneIndia)

തിരുവനന്തപുരം:

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. മണിക്കൂറില്‍ എണ്‍പത്തിയഞ്ചു മുതല്‍ നൂറു കിലോമീറ്റര്‍ വേഗതയിലുള്ള  കാറ്റോടുകൂടി ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് അറുപതു കിലോമീറ്റര്‍ അകലെയാണ്‌ ബുറെവി തീരം തൊട്ടത്. ജാഫ്ന, മുല്ലൈതീവ്, കിള്ളിനോച്ചി മേഖലയിൽ കനത്ത പേമാരിയും കാറ്റും തുടരുകയാണ്. നിരവധി വീടുകൾ തകർന്നതായും മരങ്ങൾ കടപുഴകിയതായുമാണ് റിപ്പോർട്ടുകൾ. 75,000ത്തോളം പേരെയാണ് പ്രതിരോധ നടപടിയുടെ ഭാഗമായി സർക്കാർ സുരക്ഷാ സ്ഥാനത്തേക്കു മാറ്റിയിരുന്നത്.

ശ്രീലങ്കൻ തീരം വിട്ട ചുഴലിക്കാറ്റ് നിലവിൽ ഗൾഫ് ഓഫ് മാന്നാറിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ വരെയാണ്. ബുറെവി ഇന്ന് ഉച്ചയോടെ  തമിഴ്നാട് തീരം തൊടും എന്നാണ് പ്രവചനം. കന്യാകുമാരിക്കും പാമ്പനും ഇടയിൽ ആണ് ചുഴലിക്കാറ്റ് തീരം തൊടും.കന്യാകുമാരിക്ക് 320 കിലോമീറ്റര്‍ അകലെ ബുറെവി ചുഴലിക്കാറ്റ് എത്തിയെത്ത് മുന്നറിയിപ്പ്.

തിരുവനന്തപുരം പൊന്മുടിക്ക് അടുത്ത് കൂടി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യത. എന്നാല്‍, ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂന മര്‍ദ്ദമായാകും കേരളത്തില്‍ എത്തുക. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെതാണ് പുതിയ മുന്നറിയിപ്പ്. മണിക്കൂറില്‍ പരമാവധി 65 കിലോ മീറ്റര്‍ വരെയാകും കാറ്റിന്‍റെ വേഗത.

ഇന്നും നാളെയും പലയിടത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കം ഉണ്ടായേക്കും. 1077 നമ്പറില്‍ സഹായത്തിന് ബന്ധപ്പെടാം.

https://www.youtube.com/watch?v=CzGT0he8Pgc

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്.

ഇന്നും നാളെയും തെക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ അതീവ ജാാഗ്രതയാണ്. കൊല്ലത്ത് 2300 ലേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും.  പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകള്‍ പ്രശ്നബാധിതമെന്ന് വിലയിരുത്തല്‍. മലയോര മേഖലകളില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തിയതായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.

കടലില്‍ തുടരുന്നവരും വരാന്‍ വിസമ്മതിക്കുന്നവരും സ്വന്തം ഉത്തരവാദിത്തത്തിലാണെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. മൂന്ന് ദിവസം മുമ്പ് തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നാണ് മന്ത്രി പറഞ്ഞത്. മൂന്ന് ദിവസം മുമ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് കോസ്റ്റ്ഗാര്‍ഡിന്‍റെയും നേവിയുടെയും സഹായത്തോടെ ആഴക്കടലിലെത്തി മുന്നറിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ട്.

 

 

 

 

 

By Binsha Das

Digital Journalist at Woke Malayalam