കൊച്ചി:
ലോക്ക് ഡൗണിനെത്തുടര്‍ന്ന് എട്ടു മാസമായി അടച്ചിട്ട ഫോര്‍ട്ട് കൊച്ചി മഹാത്മഗാന്ധി ബീച്ച് സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തു. ഇതോടെ തീരത്തിന്റെ ഗതകാലപ്രൗഢി വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കൊവിഡിനെത്തുടര്‍ന്ന് ബീച്ചില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ കളക്‌റ്റര്‍ പിന്‍വലിച്ചു. ഇതോടെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആളുകള്‍ക്ക് പ്രവേശിക്കാം.
നടപ്പാതകളിലും ഇരിപ്പിടങ്ങളിലും രണ്ടു മീറ്റര്‍ അകലം പാലിക്കാനുള്ള സൂചകങ്ങള്‍ രേഖപ്പെടുത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, കച്ചവസ്ഥാപനങ്ങള്‍,റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍ എന്നിവിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തും.
നഗരത്തിലെ പൈതൃക സംരക്ഷിത മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് ഫോര്‍ട്ട് കൊച്ചി ബീച്ച്. ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ എത്തുന്ന ഇടം കൂടിയാണ്. ബീച്ച് തുറന്നതോടെ നഗരത്തിലെ വിനോദസഞ്ചാരമേഖലയില്‍ വലിയ ഉണര്‍വ്വാണ് പ്രതീക്ഷിക്കുന്നത്.