ഡൽഹി:
ഇന്ത്യൻ സേനയ്ക്ക് കരുത്തുപകരാൻ അത്യാധുനിക റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിലെത്തി. അഞ്ച് യുദ്ധവിമാനങ്ങളാണ് രാജ്യത്ത് ആദ്യ ഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. അകമ്പടിയായി രണ്ട് സുഖോയ് യുദ്ധവിമാനങ്ങളുമുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫേൽ. ഫ്രാൻസിൽ നിന്ന് തിങ്കളാഴ്ച പുറപ്പെട്ട റഫേൽ യുദ്ധവിമാനങ്ങൾ ഏതാണ്ട് 7,000 കിമീ പിന്നിട്ട ശേഷമാണ് ഹരിയാനയിലെ അംബാല വ്യോമ താവളത്തിൽ ഇറങ്ങിയത്.
‘ഗോള്‍ഡന്‍ ആരോസ്’ എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യൻ വ്യോമസേനയുടെ നമ്പർ 17 സ്ക്വാഡ്രണിന്റെ ഭാഗമായിരിക്കും ഇനി ഈ യുദ്ധവിമാനങ്ങൾ. അതുകൊണ്ട് തന്നെ ഗോള്‍ഡന്‍ ആരോസിന്റെ കമാന്‍ഡിങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേര്‍ന്നാണ് വിമാനം ഇന്ത്യയിലേയ്ക്ക് എത്തിച്ചത്. 59,000 കോടി രൂപയ്ക്ക് 36 റഫേൽ വിമാനങ്ങൾ എന്ന കരാറാണ് ഇന്ത്യ ഫ്രാൻസുമായി ഒപ്പിട്ടിരിക്കുന്നത്.
പല ദൗത്യങ്ങൾക്കും ഒറ്റ വിമാനം എന്നതാണ് റഫേൽ വിമാനങ്ങളുടെ പ്രത്യേകത. രണ്ട് എഞ്ചിനുകളുള്ള യുദ്ധ വിമാനമാണ് റഫേൽ. ആകാശത്ത് നിന്ന് താഴെ ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രു വിമാനങ്ങളോട് പോരാടാനും ശേഷിയുള്ളവ. അമേരിക്കയുടെ എഫ് 16, എഫ് 18, റഷ്യയുടെ മിഗ് 35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന സാങ്കേതിക പക്വതയാണ് റഫേൽ യുദ്ധവിമാനങ്ങൾക്കുള്ളത്.