ഭോപ്പാൽ:
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കിരിക്കുന്നത്. തനിക്ക് കൊവിഡ് 19 ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും ടെസ്റ്റ് നടത്തിയപ്പോൾ ഫലം പോസിറ്റീവാണെന്നും അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ സമ്പർക്കത്തിൽ വന്ന എല്ലാ സ്നേഹിതരോടും ഉടൻ തന്നെ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്റെ അഭാവത്തിൽ മധ്യപ്രദേശിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആഭ്യന്തരമന്ത്രി ഡോ. നരോത്തം മിശ്ര നേതൃത്വം നൽകും. നഗരവികസന മന്ത്രി ഭൂപേന്ദ്രസിംഗും വിദ്യാഭ്യാസവകുപ്പ് മന്ത്രി വിശ്വാസ് സാരംഗും ആരോഗ്യമന്ത്രി പി ആർ ചൗധുരിയും എല്ലാ സഹായവും നൽകുമെന്ന് ഔദ്യോഗികമായി മുഖ്യമന്ത്രി അറിയിച്ചു.