Fri. Nov 22nd, 2024
ന്യൂസിലാൻഡ്:

കൊവിഡ് പശ്ചാത്തലത്തിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന്റെ ജനപ്രീതി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെ മാറ്റി നാഷണൽ പാർട്ടി. ഈ നൂറ്റാണ്ടിലെ ഏറ്റവും പോപ്പുലറായ ന്യൂസിലാൻഡ് ഭരണാധികാരിയായി ജസീന്ത ആർഡനെ തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സൈമൺ ബ്രിഡ്ജസിന് പ്രതിപക്ഷ നേതാവിന്റെ സ്ഥാനവും നഷ്ടമായത്.

അടുത്ത സെപ്തംബറിൽ ന്യൂസിലാൻഡിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവിനെ മാറ്റി ജസീന്ത ആർഡനെതിരെ രം​ഗത്തിറങ്ങാൻ നാഷണൽ പാർട്ടി തയ്യാറെടുക്കുന്നത്. നാഷണൽ പാർട്ടിയുടെ ടോഡ് മുള്ളറെയാണ് തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു മണിക്കൂർ നീണ്ട വോട്ടിങ്ങിലുടെയായിരുന്നു മുള്ളർ ന്യൂസിലാൻഡിന്റെ പുതിയ പ്രതിപക്ഷ നേതാവായത്.

ടോഡ് മുള്ളര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു (screen grab, copyrights; Australian Associated Press)

രാജ്യം ഇപ്പോൾ കടന്നു പോകുന്ന ഏറ്റവും ​ഗുരുതരമായ പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഉറച്ച നേതൃത്വം ആവശ്യമാണെന്ന് മുള്ളർ മാധ്യമങ്ങളോട് പറഞ്ഞു. ഈ ഘട്ടത്തിൽ രാഷ്ട്രീയം കളിക്കാൻ ഇല്ല എന്ന് പറഞ്ഞ മുള്ളർ സർക്കാരിന്റെ വീഴ്ച്ചകൾ പുറത്ത് കൊണ്ടുവരുമെന്നും വ്യക്തമാക്കി.

ജസീന്ത ആർഡൻ ഒരു മികച്ച കമ്മ്യൂണിക്കേറ്റർ ആണെന്ന് പറഞ്ഞ മുള്ളർ ലേബർ പാർട്ടിക്ക് പക്ഷേ ഈ പ്രതിസന്ധി മറികടക്കാനുള്ള കരുത്തില്ലെന്നും അഭിപ്രായപ്പെട്ടു.
ഇനിയുള്ള ഘട്ടങ്ങളിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എങ്ങിനെ പുനരുജ്ജീവിപ്പിക്കും എന്നതിലായിരിക്കും തന്റെ ശ്രദ്ധ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.