Mon. Dec 23rd, 2024
വാഷിങ്ടൺ:

ലോകത്ത് കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫിനാൻഷ്യൽ ക്രൈസിസ് എക്സ്പേർട്ട് കാർമെൻ റെയ്ൻഹാർട്ടിനെ ചീഫ് എക്കണോമിസ്റ്റായി നിയമിച്ച് ലോകബാങ്ക്. റെയ്ൻഹാർട്ടിന്റെ അനുഭവ പരിചയവും ഉൾക്കാഴ്ച്ചയും കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഉലയുന്ന ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്താൻ സഹായിക്കുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറഞ്ഞു. ജൂൺ പതിനഞ്ച് മുതൽ റെയ്ൻഹാർട്ട് പുതിയ ചുമതല ഏറ്റെടുക്കും.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ റെയ്ൻഹാർട്ട് ‘ ദിസ് ടൈം ഈസ് ഡിഫറന്റ്; എയ്റ്റ് സെഞ്വറീസ് ഓഫ് ഫിനാന്യഷ്യൽ ഫോളി’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. സാമ്പത്തിക ശാസ്ത്രജ്ഞൻ കെന്നത്ത് റോ​ഗോഫുമായി ചേർന്ന് 2009ലാണ് റെയ്ൻഹാർട്ട് പുസ്തകം എഴുതിയത്.

കൊവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് എഴുതിയ ഒരു ലേഖനത്തിൽ ഈ സമയത്ത് പ്രതിസന്ധിയെ മറികടക്കാൻ നേരത്തെയുള്ള മാതൃകകൾക്ക് അപ്പുറമുള്ള നീക്കങ്ങൾ ആവശ്യമായേക്കാമെന്നും അവർ പറഞ്ഞിരുന്നു.

കൊളംബിയ സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയ റെയ്ൻഹാർട്ട് ഹാർവാർഡ് കെന്നഡി സ്കൂളിൽ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുകയാണ് ഇപ്പോൾ. പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എക്കണോമിക്സ്, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, മേരിലാൻഡ് യൂണിവേഴ്സിറ്റി, ബിയർ സ്റ്റേൺസ് ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവിടങ്ങളിലും റെയ്ൻഹാർട്ട് പ്രവർത്തിച്ചിട്ടുണ്ട്.

ഈ പ്രതിസന്ധി ഘട്ടത്തിൽ റെയ്ൻഹാർട്ടിനെ തെരഞ്ഞെടുത്തത് ഒരു മികച്ച തീരുമാനമാണെന്ന് ഐ‌എം‌എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർ‌ജിവ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികൾ, കടം, മൂലധനം, എന്നിവയിൽ ആഴത്തിലുള്ള അറിവും വൈദ​ഗ്ധ്യവുമുള്ള അസാധാരണ സാമ്പത്തിക ശാസ്ത്രജ്ഞയാണ് അവർ എന്ന് ​ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ​ഗീത ​ഗോപിനാഥും അഭിപ്രായപ്പെട്ടു.