Tue. Apr 16th, 2024
ന്യൂ ഡല്‍ഹി:

ജൂണ്‍ ഒന്ന് മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ബുക്കിംഗ് രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നാലു ലക്ഷത്തിലേറെ സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ എത്തിയത്. 73 പാസഞ്ചര്‍ ട്രെയിനുകളിലേക്കായി 1,49,025 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്.

കുടുതല്‍ ആളുകള്‍ വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും നഗരങ്ങളിലെതൊഴിലിടങ്ങളിലേിക്ക് തിരിച്ചെത്തുന്നവരുടെയും എണ്ണം കൂടിവരികയാണെന്നും അതു നല്ലൊരു സൂചനയാണെന്നും റെയില്‍വേ മ്രന്തി പീയുഷ് ഗോയല്‍ പറഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നും സ്‌റ്റേഷനുകളില്‍ ഷോപ്പുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ഓണ്‍ലൈന്‍ ഇ ടിക്കറ്റിംഗ് മാത്രമാണ് അനുവദിക്കുക. റെയില്‍വേ സ്‌റ്റേഷനുകള്‍ വഴിയോ റിസര്‍വേഷന്‍ കൗണ്ടര്‍ വഴിയോ ഉള്ള ബുക്കിംഗുകള്‍ ഉണ്ടായിരിക്കില്ല.

അഡ്വാന്‍സ് റിസര്‍വേഷന്‍ കാലവധി പരമാവധി 30 ദിവസമാണ്. നിലവിലുള്ള ചട്ടങ്ങള്‍ക്ക അനുസരിച്ചായിരിക്കും ആര്‍എസി, വെയ്റ്റ് ലിസ്റ്റ് എന്നിവ അനുവദിക്കുക. വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദം നല്‍കില്ല. യാത്രാമദ്ധ്യേ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുകയുമില്ല. തത്ക്കാല്‍, പ്രീമിയം തത്ക്കാല്‍ ബുക്കിംഗ് എന്നിവയും അനുവദിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കി.

യാത്രക്കാര്‍ക്ക് മാസ്‌കും ആരോഗ്യസേതു ആപ്പും നിര്‍ബന്ധമായിരിക്കും. യാത്രയ്ക്കു ഒന്നര മണിക്കൂര്‍ മുന്‍പ് സ്‌റ്റേഷനിലെത്തണം. പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ക്ക് ബുക്ക് ചെയ്ത ടിക്കറ്റിന്റെ മുഴുവന്‍ പണവും തിരിച്ചുനല്‍കും.