Fri. Apr 26th, 2024
ബംഗളൂരു:

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച്‌ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിഎം കെയര്‍ ഫണ്ടിനെതിരെ ട്വിറ്ററിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. കര്‍ണ്ണാടക ശിവമോഗയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സോണിയയെക്കൂടാതെ വിവാദ ട്വീറ്റ് പ്രചരിപ്പിച്ച മറ്റ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അഭിഭാഷകനായ പ്രവീണ്‍ കുമാറാണ് സോണിയക്കെതിരെ പരാതി നല്‍കിയത്.

മെയ് 11നാണ് സോണിയ പിഎംകെയര്‍ ഫണ്ടിനെതിരെ ട്വീറ്റ് ചെയ്തത്. ഇത് വസ്തുതാ വിരുദ്ധവും അസത്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ നിരന്തരം അസത്യ പ്രചാരണം നടത്തുകയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു