Fri. Nov 22nd, 2024
ന്യൂ ഡല്‍ഹി:

മെയ് 25 മുതല്‍ ആഭ്യന്തരവിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. നിയന്ത്രണങ്ങളോടെയാവും സര്‍വീസ്. എയര്‍ലൈന്‍സ്, എയര്‍പോര്‍ട്ട് തുടങ്ങിയവയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.

വിമാന റൂട്ടുകളെ സമയത്തിന്റെ അടിസ്ഥാനത്തില്‍ ഏഴായി തിരിക്കും. ഓരോ സെക്ടറിലേക്കും ഉള്ള കുറഞ്ഞതും കൂടിയതും ആയ ടിക്കറ്റ് നിരക്കുകള്‍ വ്യോമയാന മന്ത്രാലയം നിശ്ചയിക്കും. അതില്‍ക്കവിഞ്ഞ നിരക്ക് വിമാനക്കമ്പനികള്‍ ഈടാക്കാന്‍ പാടില്ല, ഇത് പ്രകാരം ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് കുറഞ്ഞത് 3500, പരമാവധി 10,000 എന്നിങ്ങനെയാവും പുതിയ ടിക്കറ്റ് നിരക്ക്.

അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് വരും ദിവസങ്ങളില്‍ തീരുമാനം കൈക്കൊളളുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 20,000 പ്രവാസികളെ വിമാനമാര്‍ഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചുവെന്നും വ്യോമയാന മന്ത്രി പറഞ്ഞു. സ്വകാര്യ വിമാനകമ്പനികളെയും ദൗത്യത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെയ് അഞ്ചിന് വന്ദേഭാരത് മിഷന്‍ പ്രഖ്യാപിക്കുമ്പോള്‍ നമ്മള്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് കണ്ടത്. എന്നാല്‍ മെയ് 21ന് നാം നേരിട്ട് കണ്ടു സംസാരിക്കുകയാണ്, എല്ലാം പഴയ പടിയാക്കാനുള്ള ധൈര്യം നമ്മള്‍ വീണ്ടെടുക്കുന്നുവെന്നാണ് ഇതിലൂടെ തിരിച്ചറിയേണ്ടതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.