Thu. Jan 23rd, 2025
ന്യൂ ഡല്‍ഹി:

മെയ് 25ന് സര്‍വിസ് പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വിസുകളില്‍ യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പുറത്തിറക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്പ് യാത്രക്കാര്‍ തെര്‍മല്‍ സ്‌ക്രീനിങ് പരിശോധനക്ക് വിധേയമാകണം.

യാത്രക്കാര്‍ മൊബൈലില്‍ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം പരിശോധിച്ച്‌ ഉറപ്പ് വരുത്തണം. ആരോഗ്യ സേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.

അതേസമയം, 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആപ് നിര്‍ബന്ധമില്ല. 80 കഴിഞ്ഞവര്‍ക്ക് യാത്ര അനുവദിക്കില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുമ്ബേ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണം, എല്ലാ യാത്രക്കാരും മാസ്‌കും ഗ്ലൗസും ധരിച്ചിരിക്കണം.

സ്വന്തം വാഹനമോ, അല്ലെങ്കില്‍ തെരെഞ്ഞെടുക്കപ്പെട്ട ടാക്‌സി, പൊതു ഗതാഗത സംവിധാനങ്ങളെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു. യാത്രക്കാര്‍ക്കും എയര്‍ലൈന്‍സ് ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പൊതു-സ്വകാര്യ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.

കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഓപ്പണ്‍ എയര്‍ വെന്റിലേഷന്‍ സംവിധാനം ഉപയോഗിക്കണം. പാദരക്ഷകള്‍ അണുവിമുക്തം ആക്കാന്‍ സോഡിയം ഹൈപ്പോക്‌ളോറൈറ്റ് ലായനിയില്‍ മുക്കിയ മാറ്റുകള്‍ പ്രവേശന കവാടത്തില്‍ ഉണ്ടായിരിക്കണം. എയര്‍പോര്‍ട്ടില്‍ പരമാവധി ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ നടത്തണമെന്നും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ രേഖയില്‍ നിര്‍ദേശിക്കുന്നു.

കഴിഞ്ഞദിവസമാണ് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വിമാന സര്‍വിസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചത്.

അതെസമയം, ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവില്ലാത്തപക്ഷം യാത്രക്കാര്‍ വിമാനത്തില്‍ അകലം പാലിച്ച്‌ ഇരിക്കുന്നത് പ്രായോഗികമല്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടുകയാണെങ്കില്‍ നിരക്കില്‍ 33 ശതമാനം വര്‍ദ്ധനവ് ഏര്‍പ്പെടുത്തേണ്ടിവരും.