Wed. Apr 24th, 2024
വാഷിങ്ടണ്‍:

ഐഫോണുകള്‍ക്കായുള്ള iOS 13.5 അപ്‌ഡേറ്റ് ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി പുറത്തിറക്കി. മാസ്‌ക്കുകള്‍ ധരിക്കുമ്പോഴും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണുകള്‍ വളരെ എളുപ്പം ഫെയ്സ് അണ്‍ലോക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം പുതിയ അപ്ഡേറ്റില്‍ ഒരുക്കിയിട്ടുണ്ട്.

കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള ആരോഗ്യ പരിരക്ഷാ ചട്ടങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ളതാണ് ആപ്പിളിന്റെ ഈ നീക്കം. കൊവിഡ് പ്രതിരോധത്തിനായി എല്ലായിപ്പോഴും മാസ്‌ക് ധരിക്കാനാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പടെയുള്ളവരുടെ നിര്‍ദേശം.

ഫെയ്‌സ് മാസ്‌ക് ധരിച്ച് ഐഫോണില്‍ താഴെ നിന്നും മുകളിലേക്ക് സൈ്വപ്പ് ചെയ്താല്‍ നമ്പര്‍ പാസ് വേഡ് നല്‍കാനുള്ള നിര്‍ദേശം ഓട്ടോമാറ്റിക് ആയി തെളിയും. ആപ്പ്‌സ്റ്റോര്‍, ഐപ്പിള്‍ ബുക്ക്‌സ്,  ആപ്പിള്‍ പേ, ഐട്യൂണ്‍സ് പോലുള്ളവ ഉപയോഗിക്കുമ്പോഴും ഇത് പ്രവര്‍ത്തിക്കും.

ഫെയ്സ് ഐഡിയിലേക്ക് മുഖം തിരിച്ചറിയാനുള്ള അപ്ഡേറ്റ് അവതരിപ്പിച്ചതിനൊപ്പം ഗൂഗിളുമായി സഹകരിച്ച് നിര്‍മിച്ച എക്സ്പോഷര്‍ നോട്ടിഫിക്കേഷന്‍ എപിഐയും പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ടാക്റ്റ് ട്രേസിങിനായി ഫോണുകളില്‍ ഇന്‍ബില്‍റ്റ് ആയി ഒരുക്കിയ സംവിധാനമാണിത്.